'ആരിക്കാടി-കട്ടത്തട്ക്ക പി.ഡബ്ല്യു.ഡി റോഡ് മെക്കാഡം ടാറിംഗ് നടത്തണം'
Sep 26, 2012, 19:04 IST
കുമ്പള: കുമ്പള പഞ്ചായത്തിലെ പത്തോളം വാര്‍ഡുകളിലായി കടന്നു പോകുന്ന പത്തോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന ആരിക്കാടി-കട്ടത്തട്ക്ക റോഡ് മെക്കാഡം ടാറിംഗ് നടത്തണമെന്ന് കുമ്പള പഞ്ചായത്ത് മെമ്പര്‍ ബി.എ. റഹ്മാന് ആവശ്യപ്പെട്ടു. റോഡ് പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാതായി വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരു പോലെ പ്രയാസം സൃഷ്ടിക്കുകയാണ്.
റോഡിന്റെ ഇരു വശങ്ങളിലും ഡ്രൈനേജ് സംവിധാനം ഇല്ലാത്തതും പല സ്ഥലത്തും ഫുട്പാതിനേക്കാള് റോഡ് താഴ്ന്ന് കിടക്കുന്നതു മൂലം റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. പ്രസ്തുത റോഡില്‍ ആരിക്കാടി ഓള്‍ഡ് റോഡ് പ്രദേശത്ത് ഏകദേശം 100 മീറ്റര്‍ നീളത്തിലും, ആരിക്കാടി മസ്ജിദ് ജംഗ്ഷന് മുതല്‍ കാളികാംബ ക്ഷേത്രം വരെ ഏകദേശം 200 മീറ്റര്‍ നീളത്തിലും ഫുഡ്പാതിനേക്കാള് റോഡ് താഴ്ന്നു കിടക്കുന്നു.
ഇത് കാരണം റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. ഇതിനു ശാശ്വത പരിഹാരം കാണാന്‍ റോഡിനുയരം കൂട്ടി ഇന്റര്‍ലോക്ക് ചെയ്യുകയും എല്ലാ ഭാഗങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലും ഓവുചാല്‍ സംവിധാനം ഒരുക്കുകയും അപകടങ്ങള്‍ പതിയിരിക്കുന്ന പ്രസ്തുത റോഡിന്റെ എല്ലാ വളവുകളും വീതി കൂട്ടി ഡിവൈഡര്‍ സ്ഥാപിക്കുകയും റോഡ് പൂര്‍ണമായും മെക്കാഡം രീതിയില്‍ ടാറിങ് ചെയ്യുകയും വേണം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.എ. റഹ്മാന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, പി.ബി. അബദുര്‍ റസാഖ് എം.എല്‍.എ, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം കാസര്ര്കോട്, അസിസ്റ്റന്റ് എഞ്ചിനിയര്‍ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം മഞ്ചേശ്വരം എന്നിവര്‍ക്ക് നിവേദനം നല്കി.
Keywords: Road-Damage, Arikady, Kumbala, Panchayath-Member, Kasaragod, Kerala.







