ഹെല്‍മറ്റ് വേട്ടയ്ക്കിടയില് യുവാവിന്റെ മരണം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത
Dec 15, 2012, 19:44 IST
തൃക്കരിപ്പൂര്‍: പയ്യന്നൂരില്‍ പോലീസ് നടത്തിയ ഹെല്‍മറ്റ് വേട്ടയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് ദാരുണമായി മരണപ്പെട്ട സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ക്കും വകുപ്പുതല നടപടികള്‍ക്കും സാധ്യതയേറുന്നു.
പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച് വരുന്നവരെ പിടികൂടുന്ന ജോലിയിലേര്‍പ്പെട്ടിരുന്നു. ഈ സമയം ഹെല്‍മറ്റ് ധരിക്കാതെ സജി ബൈക്കില്‍ പോകുന്നത് കണ്ട് ജീപ്പില്‍ പോലീസ് യുവാവിനെ പിന്തുടരുകയായിരുന്നു. ഇതോടെ പരിഭ്രാന്തിയിലായ സജി ബൈക്ക് നിര്‍ത്താതെ അമിത വേഗതയില്‍ ഓടിച്ച് പോകുന്നതിനിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടത്തില്‍പ്പെടുകയാണുണ്ടായത്.
ഹെല്‍മറ്റ് വേട്ട കര്ശനമാക്കണമെങ്കിലും ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച് പോകുന്നവരെ പിന്തുടര്ന്ന് പിടികൂടരുതെന്ന് ഡി.ജി.പി. നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡി.ജി.പിയുടെ നിര്‍ദേശം മറികടന്നാണ് പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സജിയെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിച്ചത്. അപകടത്തില്‍ മരിച്ച സജി യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനാണ്. അത് കൊണ്ട് തന്നെ സജിയുടെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പി. കണ്ണൂര്‍ ജില്ലാ നേതൃത്വവും സജിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
വെള്ളിയാഴ്ച യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ. രഞ്ജിത്താണ് മാര്ച് ഉദ്ഘാടനം ചെയ്തത്. സജിയെ മരണത്തിലേക്ക് നയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബി.ജെ.പി. രൂപം നല്‍കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.
അപകടത്തെ തുടര്‍ന്ന് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന സജിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സജിയുടെ മരണത്തെകുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവാവിന്റെ വീട്ടുകാര്‍ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സജിയുടെ മരണത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്ന് തെളിഞ്ഞാല്‍ ആഭ്യന്തര വകുപ്പ് കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നാണ് സൂചന.
Keywords : Trikaripur, Police, Youth, Accidental-Death, Saji, Vehicle Checking, Yuva Morcha, B.J.P, March, D.G.P, Payyannur, Kannur, Electric Post, Helmet, Kerala, Malayalam News.






