Road Damaged | സംസ്ഥാന പാതയിൽ റോഡ് ഇടിഞ്ഞുതാഴ്ന്ന് ഗർത്തം രൂപപ്പെട്ട് ഒരാഴ്ചയായിട്ടും അധികൃതർക്ക് കൂസലില്ല; ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ്
അപകടഭീഷണിയെ തുടർന്ന് ഇതു വഴിയുള്ള വലിയ വാഹനങ്ങൾ ദേശീയപാത വഴി തിരിച്ചു വിടേണ്ടി വന്നിട്ടുണ്ട്
ഉദുമ: (KasargodVartha) കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പാലക്കുന്ന് പള്ളത്ത് റോഡ് ഇടിഞ്ഞു താഴ്ന്ന് വലിയ ഗർത്തം രൂപപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും അധികൃതർക്ക് കൂസലില്ല. അപകടഭീഷണിയെ തുടർന്ന് ഇതു വഴിയുള്ള വലിയ വാഹനങ്ങൾ ദേശീയപാത വഴി തിരിച്ചു വിടേണ്ടി വന്നിട്ടുണ്ട്.
വാഹനങ്ങൾ കടന്നു പോകുന്നതിനിടയിലായിരുന്നു കഴിഞ്ഞ ആഴ്ച പള്ളത്ത് റോഡ് ഇടിഞ്ഞുതാഴ്ന്നത്. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. റോഡിന് കുറുകെയുള്ള കലുങ്കിന് മുകൾഭാഗത്തെ കോൺക്രീറ്റ് ഇടിഞ്ഞു താഴ്ന്നതോടെയാണ് റോഡിൽ ഗർത്തം രൂപപ്പെട്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നാട്ടുകാർ സ്ഥലത്ത് അപായ സിഗ്നൽ സ്ഥാപിച്ച് അപകടം ഒഴിവാക്കി. പഞ്ചായത് പ്രസിഡണ്ടും പൊതുമരാമത്ത് വകുപ്പ് അധികൃതരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നുവെങ്കിലും റോഡിലെ കുഴി ഒരാഴ്ച കഴിഞ്ഞും അതേ സ്ഥിതിയിൽ തന്നെയാണ്. റോഡ് കിളച്ച് കലുങ്ക് അറ്റകുറ്റപണി നടത്തേണ്ടി വരുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.