city-gold-ad-for-blogger

പ്രതിയുടെ പരസ്പരവിരുദ്ധമായ മൊഴി: ജിഷയുടെ കൊലപാതകം ചുരുളഴിയുന്നില്ല

പ്രതിയുടെ പരസ്പരവിരുദ്ധമായ മൊഴി: ജിഷയുടെ കൊലപാതകം ചുരുളഴിയുന്നില്ല
Madanan
പ്രതിയുടെ പരസ്പരവിരുദ്ധമായ മൊഴി: ജിഷയുടെ കൊലപാതകം ചുരുളഴിയുന്നില്ല
Jisha
നീലേശ്വരം: ഒരു നാടിനെ തന്നെ നടുക്കിയ അതി ഭീകരമായ കൊലപാതകത്തിന്റെ ചുരളഴിക്കാന്‍ പോലീസ് നന്നേ പാടുപെടുകയാണ്. ദാരുണമായ കത്തികുത്തേറ്റ് മരണപ്പെട്ട ഗള്‍ഫുകാരന്‍ കുറുവാട്ട് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ(25)യുടെ മരണകാര്യത്തില്‍ ദുരൂഹതകള്‍ ഇനിയും മറനീങ്ങിയിട്ടില്ല. വീട്ടുജോലിക്കാരനായ ഒറീസ കേന്ദ്രപ്പാറ ജില്ലയിലെ മര്‍സഹായി പോലീസ് അതിര്‍ത്തിയിലെ ജാത്പ്പൂര്‍ ഹൊസ്താരഘട്ടിലെ സുഭാഷ് മാലിക്കിന്റെ മകന്‍ തുഷാര്‍ മദനന്‍ എന്ന മദന്‍ മാലിക്ക്(25) പോലീസ് അനേ്വഷണസംഘത്തിന് നല്‍കിയ മൊഴികള്‍ തീര്‍ത്തും വൈരുദ്ധ്യം നിറഞ്ഞതാണ്. കുടുംബാംഗത്തെ പോലെ വീട്ടില്‍ കഴിഞ്ഞ മദനന്‍ എന്തിനി ക്രൂരകൃത്യം ചെയ്തുവെന്ന് ഇനിയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 19 ന് രാത്രിയിലാണ് മദനന്‍ ജിഷയെ വയറ്റില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രി വീടിന്റെ തെക്കുഭാഗത്തെ ഊടുവഴിയിലൂടെ ഓടി രക്ഷപ്പെട്ട മദനന്‍ മുക്കാല്‍ കിലോമീറ്റര്‍ അകലെ കാട്ടില്‍ രണ്ട് രാത്രിയും ഒരു പകലും ഭക്ഷണവും വെള്ളവുമില്ലാതെ ഒളിവില്‍ കഴിയുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെയാണ് ആരുടെയും ശ്രദ്ധയില്‍പെടാതെ കൊലപാതകം നടന്ന വീടിന്റെ ടെറസില്‍ നിന്നും പോലീസ് മദനനെ പിടികൂടിയത്. രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിനാല്‍ അവശനായ മദനനെ പോലീസിന് അന്ന് ചോദ്യം ചെയ്യാനായില്ല. പ്രത്യേക പോലീസ് സംഘം വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയെങ്കിലും കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് അറിയാന്‍ പോലീസ് അന്വേഷണം പലവഴിക്കും നീക്കുകയാണ്. കൊലപാതകി ലക്ഷ്യം വെച്ചത് ജിഷയെയാണോ അതോ ഭര്‍തൃസഹോദര ഭാര്യയായ ലേഖയെയാണോ എന്ന സംശയത്തിലാണ് പോലീസ്. കൊലയ്ക്ക് ശേഷം പ്രതി വീണ്ടും വീട്ടിലേക്ക് തിരിച്ചുവന്നത് വീണ്ടും കൊല ചെയ്യാനാണോ എന്നതും സംശയാസ്പദമാണ്.


ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് സര്‍ജന്‍ എസ്.ഗോപാലകൃഷ്ണപിള്ളയെ ചൊവ്വാഴ്ച രാവിലെ സിഐ സി.കെ.സുനില്‍കുമാര്‍ പരിയാരത്ത് ചെന്ന് നേരിട്ട് കാണുകയും പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ മദനന്‍ തന്റെ മൊബൈല്‍ ഫോണില്‍ ഒറീസയിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 111 സെക്കന്റ് നേരം യുവാവ് മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഈ മൊബൈല്‍ ഫോണ്‍ സംഭാഷണമാണ് മദനന്‍ സ്ഥലം വിട്ടിട്ടില്ലെന്ന് തിരിച്ചറിയാന്‍ പോലീസിനെ സഹായകമായത്.

ജിഷ മരണപ്പെട്ട വിവരം പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെയും മദനന്‍ അറിഞ്ഞിരുന്നില്ല. സംഭവ ദിവസം രാത്രി ഓംലെറ്റ് ഉണ്ടാക്കുന്നതിന് അടുക്കളയില്‍ വെച്ച് തക്കാളി മുറിച്ചുവെന്നും പിന്നീട് ഉള്ളി മുറിക്കാന്‍ പാത്രമെടുക്കുന്നതിനിടയില്‍ അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന ജിഷയുടെ വയറ്റില്‍ അബദ്ധത്തില്‍ കത്തി കൊള്ളുകയായിരുന്നുവെന്നുമാണ് മദനന്‍ ചൊവ്വാഴ്ച പോലീസിനോട് പറഞ്ഞത്. സംഭവം നടന്നതിനെ തുടര്‍ന്ന് ഭയന്നതിനാല്‍ ബാഗുമെടുത്ത് സ്ഥലം വിടാമെന്നാണ് കരുതിയതെങ്കിലും ഒച്ചയും ബഹളവും കേട്ടപ്പോള്‍ ബാഗ് ഉപേക്ഷിച്ചു. പിന്നീട് ധരിച്ച വസ്ത്രം വലിച്ചെറിഞ്ഞ് പാന്റും ഷര്‍ട്ടുമിട്ട് സ്ഥലത്തുനിന്ന് തടിതപ്പുകയായിരുന്നുവെന്ന് മദനന്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ജിഷയെ മദനന്‍ ജിഷചേച്ചി എന്നാണ് വിളിച്ചിരുന്നത്. ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രന്റെ സഹോദരന്‍ ചന്ദ്രന്റെ ഭാര്യയെ സിസ്റ്റര്‍ എന്നും വിളിച്ചിരുന്നു. ലേഖയുടെ പേര് തനിക്ക് അറിയില്ലെന്നാണ് മദനന്റെ മൊഴി. രണ്ടുപേരെയും ഇഷ്ടമായിരുന്നുവെന്നും അബദ്ധം പറ്റിയതിനാല്‍ ജിഷചേച്ചിയോടും വീട്ടുകാരോടും മാപ്പ് പറയാനാണ് മടങ്ങിയെത്തിയതെന്നും മദനന്‍ പറയുന്നുണ്ടെങ്കിലും പോലീസ് അത് മുഖവിലക്കെടുക്കുന്നില്ല.

നീലേശ്വരം സിഐ സി.കെ.സുനില്‍കുമാര്‍, ക്രൈം സ്‌ക്വാഡില്‍പെട്ട സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം പ്രകാശന്‍ നീലേശ്വരം, ഒ.ടി.ഫിറോസ്, പി.വി.രഘു, എഎസ്‌ഐ പി ചന്ദ്രന്‍ മണിയാണി എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ തുടരുന്നുണ്ട്. ബുധനാഴ്ച രാവിലെ ജിഷയുടെ വീട്ടിലെത്തി വീട്ടുകാരെയും പോലീസ് ചോദ്യം ചെയ്ത് കാര്യകാരണങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia