നിരാഹാരം 18-ാംദിവസം; മുഖ്യമന്ത്രിയുടെ സമീപനം ലാഘവ ബുദ്ധിയോടെയെന്ന് സമരസമിതി
Mar 7, 2013, 16:58 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി കാസര്‍കോട്ട് നടത്തിവരുന്ന നിരാഹാര സമരം ഒത്തു തീര്പാക്കാന് മുഖ്യമന്ത്രി സമരസമിതി നേതാക്കളെ ചര്‍ചയ്ക്ക് വിളിച്ചു. മാര്ച് 25 ന് തിരുവനന്തപുരത്താണ് ചര്‍ച. വ്യാഴാഴ്ച രാവിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളായ സി.കെ ശ്രീധരന്, കെ.പി കുഞ്ഞിക്കണ്ണന്, എം.സി ജോസ്, എ. ഗോവിന്ദ നായര്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രി ചര്‍ചയ്ക്ക് വിളിച്ച വിവരം അറിയിച്ചതെന്ന് സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷണന്‍ അറിയിച്ചു.
സമരം വ്യാഴാഴ്ച 18-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. എ. മോഹന്‍ കുമാറിന്റെ നിരാഹാര സമരം നാലാം ദിവസവുമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി 25ന് ചര്‍ചയ്ക്ക് വിളിച്ചത് പ്രശ്നത്തെ വളരെ ലാഘവ ബുദ്ധിയോടെ കാണുന്നത് കൊണ്ടാണെന്ന് സമരസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഈയിടെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറും സമരപ്പന്തലിലെത്തി സമരം ഉടന്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രത്യേക താല്പര്യമെടുക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ചയ്ക്ക് വിളിക്കാന്‍ ഇത്രയും ദിവസങ്ങള്‍ വേണ്ടി വരുന്നത് സത്യഗ്രഹികളോടും വിശേഷിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടും സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അവഗണനയ്ക്ക് ദൃഷ്ടാന്തമാണെന്നും അവര്‍ ആരോപിച്ചു. അതിനിടെ സമരത്തിന് പിന്തുണയുമായി കൂടുതല്‍ സംഘടനകളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
എന്തു വന്നാലും ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കുന്ന പ്രശ്നമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. പലവട്ടം വാഗ്ദാനങ്ങള്‍ നല്കി വഞ്ചിച്ച സര്‍ക്കാരാണ് ഇപ്പോള്‍ സമരസമിതിയുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഹരിക്കുമെന്നും പറയുന്നത്. സര്‍ക്കാരിന്റെ വാക്കുകളില്‍ ദുരിതബാധിതര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരും.
സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്ച് 18ന് വൈകിട്ട് കാസര്‍കോട് നഗരത്തില്‍ മനുഷ്യമതില്‍ തീര്‍ക്കും. അന്നുതന്നെ സംസ്ഥാനത്തൊട്ടാകെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ പരിപാടികളും സംഘടിപ്പിക്കും. വിവിധ യുവജന, രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക സംഘടനാ പ്രതിനിധികളുടെ യോഗം മനുഷ്യമതില്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റോഡ് തടയല്‍, പന്തം കൊളുത്തി പ്രകടനം, പോസ്റ്റ് കാര്‍ഡുകള്‍ അയക്കല്‍, ഹൈവേയിലൂടെ ശയന പ്രദക്ഷിണം തുടങ്ങിയ സമര മുറകളും പരീക്ഷിക്കും.
യോഗത്തില്‍ അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍, കെ. രവീന്ദ്രന് (ഡി.വൈ.എഫ്.ഐ), പി.കെ സുനില്‍ (യുവ മോര്‍ച), സിദ്ദിഖ് പൂത്തപ്പലം, ഫാറൂഖ് (എസ്.എസ്.എഫ്) അബ്ദുല്‍ ലത്വീഫ്, നൗഷാദ് (സോളിഡാരിറ്റി), കെ.സി സിദ്ദിഖ് (എന്‍.വൈ.എല്‍), എ.എം മുനീര്‍ (എസ്.ഡി.പി.ഐ), എം. അനന്തന് നമ്പ്യാര്‍, പ്രൊഫ. ടി.ടി ജേക്കബ്, പോള്‍ ടി. സാമുവല്‍, സുബൈര്‍ പടുപ്പ്, ഹമീദ് മൊഗ്രാല്‍, പി മുരളീധരന്, കെ. കരുണന്, ഭരതന്, ഹരികൃഷ്ണന്, ഗോവിന്ദന്, പ്രതിഭാ രാജന്, അബ്ദുര്‍ റഹീം, സി.വി നളിനി, എ. മോഹന്‍ കുമാര്‍, ഡോ. ഇ ഉണ്ണികൃഷ്ണന്, നാരായണന് പേരിയ, രവീന്ദ്രന്, ഹമീദ് സീസണ് എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു. അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതവും പി സനത് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Strike, Minister, Endosulfan, Meeting, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.








