അഴിമതിയില്‍ കേന്ദ്ര സര്‍ക്കാര്‍ റിക്കാര്‍ഡുകള്‍ ഭേദിക്കുന്നു: കോടിയേരി
Mar 29, 2012, 22:32 IST

കയ്യൂര്‍: അഴിമതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സകല റിക്കാര്‍ഡുകളും ഭേദിച്ചിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആദര്‍ശ ധീരനെന്ന് കരുതിയ എ കെ ആന്റണിയുടെ പ്രതിരോധവകുപ്പില്‍പ്പോലും ഇടനിലക്കാര്‍ അഴിമതി നടത്തുകയാണെന്ന് സേനാ മേധാവിയാണ് വെളിപ്പെടുത്തിയത്. കയ്യൂര്‍ രക്തസാക്ഷി വാര്‍ഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
140 കോടി രൂപയുടെ സൈനിക വാഹനം വാങ്ങിയാല്‍ 14 കോടി രൂപ കമ്മീഷന്‍ തരാമെന്ന് ആയുധ ദല്ലാള്‍ വാഗ്ദാനം ചെയ്ത സംഭവം ഒരു വര്‍ഷം മുമ്പ് എ കെ ആന്റണിയെ അറിയിച്ചിട്ടും എന്ത് കൊണ്ട് അന്വേഷണം നടത്താന്‍ തയ്യാറായില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്കായി നിര്‍മിച്ച ആദര്‍ശ് ഫ്ളാറ്റ് നിര്‍മാണത്തിലും പ്രതിരോധ വകുപ്പ് അഴിമതി നടത്തി. ഇത്തവണത്തെ ബജറ്റില്‍ 3000 കോടി ഡോളറാണ് അധികമായി ഉള്‍പ്പെടുത്തി രാജ്യരക്ഷയ്ക്കായി നീക്കിവെച്ചത്. എ കെ ആന്റണി നേരിട്ട് അഴിമതി നടത്തിയെന്ന് ഞങ്ങള്‍ക്കഭിപ്രായമില്ല. ആന്റണിയെ മുന്‍ നിര്‍ത്തി പ്രതിരോധവകുപ്പിലെ ആയുധ ഇടപാടില്‍ അഴിമതി നടത്തുന്നത് ആരാണെന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. പ്രതിരോധ വകുപ്പിലെ അഴിമതി പണമെല്ലാം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പോകുന്നത്. അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ കുതിരകച്ചവടത്തിനും ഈ പണം ഉപയോഗിക്കുന്നുണ്ട്.
അഴിമതി ഭരണത്തിന്റെ മറ്റൊരു പതിപ്പാണ് കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം. 1410 കോടിയുടെ പുതിയ നികുതികളാണ് ബജറ്റിലൂടെ കെ എം മാണി കേരളത്തിന്മേല്‍ അടിച്ചേല്‍പ്പിച്ചത്. ബജറ്റ് രഹസ്യങ്ങള്‍പോലും സൂക്ഷിക്കാന്‍ കഴിയാത്ത കഴിവുകെട്ടവരുടെ ഭരണമാണ് കേരളത്തിലേത്. ജനസമ്പര്‍ക്ക പരിപാടി നടത്തി കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളുടെ കയ്യടി വാങ്ങുമ്പോള്‍ മറുഭാഗത്ത് കര്‍ഷക ആത്മഹത്യ പെരുകുകയാണ്. കേരളത്തിലെ പൊലീസിന് നിലവില്‍ അന്വേഷണചുമതല മാത്രമെ ഉള്ളത്. ഒന്നും കണ്ടെത്താനുള്ള ചുമതലയില്ല. ട്രെയിന്‍ യാത്രയിലെ സ്ത്രീകളുടെ സുരക്ഷിതത്വം പോലും ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാവുന്നില്ല.
Keywords: Kodiyeri Balakrishnan, Kayyur, Kasaragod