city-gold-ad-for-blogger

പുത്തന്‍ വൈദ്യുതി തൂണുകള്‍ പൊട്ടിവീഴുന്നു; നെഞ്ചിടുപ്പുമായി ജീവനക്കാര്‍

പുത്തന്‍ വൈദ്യുതി തൂണുകള്‍ പൊട്ടിവീഴുന്നു; നെഞ്ചിടുപ്പുമായി ജീവനക്കാര്‍
കാഞ്ഞങ്ങാട്: പുത്തന്‍ വൈദ്യുതി തൂണുകള്‍ വ്യാപകമായി തകര്‍ന്നുവീഴുമ്പോള്‍ തൂണിന് മുകളിലിരുന്നു നെഞ്ചിടിപ്പുമായി ജോലി ചെയ്യുകയാണ് ജീവനക്കാര്‍. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വൈദ്യുതി തൂണുകളാണ് ജില്ലയുടെ പലഭാഗങ്ങളിലായി തകര്‍ന്നു വീണത്. അപകടത്തില്‍പ്പെട്ട ജീവനക്കാരില്‍ പലരും ജീവച്ഛവമായപ്പോള്‍ മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരാണ്. പിലിക്കോട് സെക്ഷന്‍ പരിധിയില്‍ മാങ്കടവത്ത് കൊവ്വലില്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ വൈദ്യുതി തൂണ്‍ സ്ഥാപിക്കുന്നതിനിടെ രണ്ട് പുതിയ തൂണുകള്‍ തകര്‍ന്നു വീഴുകയായിരുന്നു. ജീവനക്കാര്‍ അതിസാഹസികമായാണ് രക്ഷപ്പെട്ടത്. അതേസമയം മാവുങ്കാല്‍ സെക്ഷന്‍ പരിധിയില്‍ മലബാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്കുള്ള വൈദ്യുതി കണക്ഷന്‍ ജോലിക്കിടെ പുതിയ തൂണ് തകര്‍ന്ന് വീണ് പരിക്ക് പറ്റിയ കരാര്‍ ജീവനക്കാരായ സുധാകരന്‍, നാരായണന്‍ എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇരുവരും ദീര്‍ഘകാലം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജില്ല മുഴുവന്‍ വൈദ്യുതി തൂണുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത് മഞ്ചേശ്വരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്യോതി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. കമ്പനിക്ക് കൂടുതല്‍ ഓര്‍ഡര്‍ നല്‍കിയതിനാല്‍ ഇവര്‍ക്ക് ജോലി ഭാരം കൂടുകയായിരുന്നു. നിര്‍മ്മാണ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് തന്നെ പോസ്റ്റുകള്‍ ഇവിടെ നിന്നും കൊണ്ടു പോകുന്നു. ഒരു പോസ്റ്റുണ്ടാക്കിയാല്‍ 16 ദിവസമെങ്കിലും വെള്ളമൊഴിച്ച് സെറ്റിംഗിനായി വെക്കണം. എന്നാല്‍ ഓര്‍ഡര്‍ കൂടിയതോടെ കമ്പനി അധികൃതരും കൃത്രിമത്തിന് കൂട്ടു നില്‍ക്കുകയാണ്. നിര്‍മ്മാണഘട്ടങ്ങളില്‍ പോസ്റ്റിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട ബോര്‍ഡ് അധികൃതരുടെ അനാസ്ഥയും തൂണുകള്‍ തകരുന്നതിന് പ്രധാന കാരണമാണ്. പത്ത് പോസ്റ്റുകള്‍ ഉണ്ടാക്കിയാല്‍ ഒന്ന് മാത്രം പരിശോധിച്ചാണ് ചുമതലപ്പെടുത്തുന്ന അസി. എഞ്ചിനീയര്‍ ഗുണനിലവാരം കണക്കാക്കുന്നത്. അസി. എഞ്ചിനീയര്‍ പരിശോധിക്കുന്ന പോസ്റ്റുകള്‍ കൃത്യമായി നമ്പര്‍ രേഖപ്പെടുത്തി അതാത് സെക്ഷനുകളിലേക്കയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നാളുകളായി ഇത്തരം നടപടിക്രമങ്ങളൊന്നും പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. ജില്ലയില്‍ പലസ്ഥലങ്ങളിലും നമ്പറുകള്‍ പോലും രേഖപ്പെടുത്താത്ത തൂണുകള്‍ എത്തിക്കുന്നതായി ജീവനക്കാര്‍ തന്നെ അടക്കം പറയുന്നുണ്ട്.

തൂണുകളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും, പരിശോധിച്ച പോസ്റ്റുകളുടെ നമ്പറുകള്‍ അതാത് സെക്ഷന്‍ അസി. എഞ്ചിനീയര്‍മാര്‍ക്ക് കൈമാറുകയും ചെയ്ത് തങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നുമാണ് ജീവനക്കാരുടെ കൂട്ടായ ആവശ്യം.

-വിജയന്‍ കാഞ്ഞങ്ങാട്

Keywords: Electric post, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia