Criticism | പഞ്ചായത് ഓഫീസ് വളപ്പിൽ ജീവനക്കാർ പ്ലാസ്റ്റിക് കത്തിച്ചെന്ന് ആക്ഷേപം; കത്തിച്ചത് ഓഫീസിലെ ഉപയോഗ ശൂന്യമായ പേപറുകളെന്ന് അധികൃതർ; വീഡിയോ പുറത്ത്
ശുചീകരണത്തിന് സഹായിക്കാൻ വന്ന ജോലിക്കാരാണ് മാലിന്യത്തിന് തീയിട്ടതെന്ന് വീഡിയോയിൽ ചില ഉദ്യോഗസ്ഥർ പ്രതികരിക്കുന്നുണ്ട്
ചെമനാട്: (KasargodVartha) പഞ്ചായത് ഓഫീസ് വളപ്പിൽ ജീവനക്കാർ പ്ലാസ്റ്റിക് കത്തിച്ചതായി പരിസരവാസികളായ ചിലരുടെ ആക്ഷേപം. ഇതിന്റെ വീഡിയോയും അവർ പുറത്തുവിട്ടു. ഓഗസ്റ്റ് 15ന് ജോലിക്കെത്തിയ ജീവനക്കാർ അടക്കമുള്ളവർ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചുവെന്നാണ് ആരോപണം.
പ്ലാസ്റ്റിക് കത്തിക്കുന്നത് തടയാൻ ബാധ്യസ്ഥരായ പഞ്ചായത് ഉദ്യോഗസ്ഥർ തന്നെ പ്ലാസ്റ്റിക് കത്തിക്കുകയാണെന്നും തങ്ങളാണ് ഇത് ചെയ്തതെങ്കിൽ 25000 രൂപ പിഴയും കേസും ചുമത്തുമെന്നും വീഡിയോയിൽ ഒരാൾ പറയുന്നത് കേൾക്കാം.
അതേസമയം, ശുചീകരണത്തിന് ഭാഗമായി കൂട്ടിയിട്ട ഉപയോഗ ശൂന്യമായ പേപറുകളും മറ്റും കത്തിക്കുകയായിരുന്നുവെന്നും, തടയേണ്ട ഉദ്യോഗസ്ഥർ തന്നെ ഇങ്ങനെ ചെയ്യുമോയെന്നും പഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകർ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
പഞ്ചായതിനോട് വിരോധമുള്ള ചിലരാണ് ഇത്തരം കുപ്രചാരണം നടത്തുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. കത്തിച്ചത് പ്ലാസ്റ്റിക് ആണോ പേപറുകളാണോ എന്ന കാര്യം വ്യക്തമല്ല. ശുചീകരണത്തിന് സഹായിക്കാൻ വന്ന ജോലിക്കാരാണ് മാലിന്യത്തിന് തീയിട്ടതെന്ന് വീഡിയോയിൽ ചില ഉദ്യോഗസ്ഥർ പ്രതികരിക്കുന്നുണ്ട്.