സ്ത്രീ ശാക്തീകരണത്തിനായ് കാസര്‍കോട്ട് നിന്നൊരു സംഘടന പിറവിയെടുക്കുന്നു
May 29, 2015, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 29/05/2015) സ്ത്രീ ശാക്തീകരണത്തിനായ് കാസര്‍കോട്ട് നിന്നൊരു സംഘടന പിറവിയെടുക്കുന്നു. വിന്‍ (വുമണ്‍ ഇന്‍ ആക്ഷന്‍) എന്നാണ് സംഘടനയുടെ പേര്. ടി.വി സീരിയലുകള്‍ക്കും, വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും മുന്നിലിരുന്ന് സമയം കളയുന്ന വീട്ടമ്മമാരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള പരിപാടികളാണ് തുടക്കത്തില്‍ വുമണ്‍ ഇന്‍ ആക്ഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
സാധാരണക്കാര്‍ മുതല്‍ ഐ.എ.എസ് പോലുള്ള ഉയര്‍ന്ന പദവിയിലുള്ളവരും സംഘടനയില്‍ അംഗങ്ങളാകും. പ്രശ്‌നമുള്ളവരെ മനസിലാക്കി അവര്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുക, ആരോഗ്യ സംരക്ഷണത്തിനായ് ഹെല്‍ത്ത് ക്ലബ് രൂപീകരിക്കുക, മാനസീകോല്ലാസത്തിനായി സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുത എന്നത് സംഘടനയുടെ ഭാവി പദ്ധതിയാണെന്ന് എം.ഡി വനജാ സുഭാഷ് പറയുന്നു.
സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, പോഷണം, കുടുംബം എന്നിങ്ങനെ സര്‍വതോന്മുഖമായ ലക്ഷ്യങ്ങളും സംഘടനയ്ക്കുണ്ട്. കാസര്‍കോട് ജില്ലയില്‍ നിന്നും തുടക്കമിട്ട് പിന്നീട് പടിപടിയായി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്.
സംഘടനയുടെ 14 അംഗ നിര്‍വാഹക സമിതിയെയും തിരഞ്ഞെടുത്തു. ഇതിനകം 100 പേര്‍ അംഗങ്ങളായി. കെ.ബി ഷാഹിദ, ഡോ. ജാനകി എസ് കുമാര്‍, ഡോ. കെ വേണി, ഡോ. സാനിയ നിയാസ്, ഡോ. ശില്‍പാ കമ്മത്ത് എന്നിവരാണ് ഡയറക്ടര്‍മാര്‍.
സംഘടനയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചലചിത്ര താരം കവിയൂര്‍ പൊന്നമ്മ നിര്‍വഹിക്കും. സേതുലക്ഷ്മി ഗീതാഞ്ജലി നടത്തും. വനജാ സുഭാഷ് സ്വാഗതം പറയും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി അധ്യക്ഷയാകും. പി കരുണാകരന്‍ എംപി ലോഗോയും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ബ്രോഷറും പ്രകാശനം ചെയ്യും. ടി.ഇ അബ്ദുല്ല, മുംതാസ് ഷുക്കൂര്‍, നിര്‍മല പി.വി, വി.പി ജാനകി, സുബിത പൂവട്ട, രമാവതി കെ, അസീസ് അബ്ദുല്ല എന്നിവര്‍ സംബന്ധിക്കും. ഡോ. എ കെ ജയശ്രീ (സ്ത്രീ- മനസും ശരീരവും), മീര ജോസ് എന്നിവര്‍ പ്രഭാഷണം നടത്തും. ബേഡകം വനിതാസംഘത്തിന്റെ ശിങ്കാരിമേളവുമുണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ വനജ സുഭാഷ്, ഡയറക്ടര്‍ കെ.ബി ഷാഹിദ, സെക്രട്ടറി മറിയം സദഫ് മൂപ്പ, ഡോ. ജാനകി എസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords : Kasaragod, Kerala, Press meet, Inauguration, Film, Women in Action.