സി.ഐ.ടി.യു. കലക്ടറേറ്റ് വളയലില്‍ കാല് ലക്ഷം തൊഴിലാളികള്‍ പങ്കെടുക്കും
Sep 21, 2012, 16:48 IST
കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ- തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കാല്‍ലക്ഷത്തോളം തൊഴിലാളികള്‍ 26ന് കലക്ടറേറ്റ് വളയുമെന്ന് സിഐടിയു ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൊഴിലും കൂലിയും സംരക്ഷിക്കുക, ഭക്ഷണം ഉറപ്പാക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല-പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുക, വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കുക, ക്ഷേമനിധികള്‍ സംരക്ഷിക്കുക, കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക, കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപത്തിനുള്ള തീരുമാനം പിന്‍വലിക്കുക, പോലീസ് അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സിഐടിയു പ്രവര്‍ത്തകര്‍ കലക്ടറേറ്റ് വളയുന്നത്.
രാവിലെ ഒമ്പത് മണി മുതല്‍ രണ്ട് മണി വരെ നടക്കുന്ന സമരം ദേശീയ സെക്രട്ടറി കെ.കെ. ദിവാകരന് ഉദ്ഘാടനം ചെയ്യും. സമരത്തിന്റെ പ്രചാരണാര്‍ഥം തൊഴിലാളികളുടെ ജനറല്‍ബോഡികള്‍, കുടുംബയോഗം, പ്രവര്‍ത്തകയോഗം എന്നിവയും നടന്നു. സമരസന്ദേശമുയര്ത്തി നാല് ദിവസങ്ങളിലായി ജില്ലയിലെ 41 കേന്ദ്രങ്ങളില്‍ വാഹനജാഥയും സംഘടിപ്പിച്ചു.
70 ശതമാനത്തിലേറെ ജനങ്ങള്‍ ആശ്രയിക്കുന്ന കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ചയിലേക്ക് നീങ്ങുകയാണ്. ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലക്ക് കൈമാറുന്നു. ഓഹരികള്‍ നാമമാത്രമായ വിലയ്ക്ക് വില്‍ക്കുകയാണ്. അവധി വ്യാപാരവും ഊഹക്കച്ചവടവും കരിഞ്ചന്തയും കാരണം വിലക്കയറ്റം താങ്ങാവുന്നതിനപ്പുറമായി. ഡീസല്‍ വിലവര്‍ധനവോടെ അവശ്യസാധന വില 15 മുതല്‍ 30 ശതമാനം ഉയര്‍ന്നു. ഇതിനെല്ലാം പുറമെ പാചകവാതക സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറച്ച് സാധാരണക്കാരന്റെ നടുവൊടിക്കുന്ന സമീപനവും സ്വീകരിച്ചു.
കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഭൂമിയും പ്രകൃതിവിഭവങ്ങളും നിക്ഷിപ്ത താല്പര്യക്കാര്ക്ക് കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണ്. തലതിരിഞ്ഞ നയങ്ങള്‍ കാരണം വൈദ്യുതി, വെള്ളക്കരം, ബസ്ചാര്‍ജ്, പാല്‍വില എന്നിവയെല്ലാം കുത്തനെ വര്‍ധിപ്പിക്കാന്‍ പോവുകയാണ്. ഇത് സാധാരണക്കാരന്റെ നടുവൊടിക്കുന്ന നടപടിയാണ്. ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനാണ് 26ന് തൊഴിലാളികള്‍ കലക്ടറേറ്റ് ഉപരോധിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് കെ ബാലകൃഷ്ണന്, സെക്രട്ടറി ടി കെ രാജന്, പി വി കുഞ്ഞമ്പു എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Press meet, CITU, Collectorate, Kerala, Government