സാമൂഹ്യ സുരക്ഷാ മിഷനുള്ള സംഭാവന മന്ത്രി ഏറ്റുവാങ്ങും
Apr 20, 2012, 15:46 IST

കാസര്‍കോട്: രോഗികളെയും, നിരാലംബരെയും ചികിത്സിപ്പിക്കാനും സഹായിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും സര്‍ക്കാര്‍ രൂപീകരിച്ച കേരള സാമൂഹ്യ സുരക്ഷാ മിഷന് ജില്ലയില്‍ നിന്നും നല്‍കുന്ന സംഭാവന ശനിയാഴ്ച നാലു മണിക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത്-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ ഏറ്റുവാങ്ങും. യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി മുഖ്യ അതിഥിയായിരിക്കും. എം.എല്‍.എമാരായ പി.ബി.അബ്ദുള്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (ഉദുമ), കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭാ ചെയര്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തുകള്‍ ഒരു ലക്ഷം വീതവും, ബ്ളോക്ക് പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും അഞ്ച് ലക്ഷം വീതവും ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ വീതവുമാണ് സുരക്ഷാ മിഷനു സംഭാവനയായി നല്‍കുന്നത്. ജീവകാരുണ്യ പദ്ധതികളായ ആശ്വാസ കിരണം, ക്യാന്‍സര്‍ സുരക്ഷ, താലോലം, കോക്ളിയാര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറി, സ്നേഹ സാന്ത്വനം, സ്നേഹ സ്പര്‍ശം, വയോമിത്രം എന്നീ പദ്ധതികള്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കി വരുന്നു. നിരാലംബരും, അശരണരുമായ ക്യാന്‍സര്‍, ഹൃദയ-കിഡ്നി സംബന്ധമായ രോഗികളായ കുട്ടികള്‍, അവിവാഹിതരായ അമ്മമാര്‍, എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍, മാരക രോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍, വയോജനങ്ങള്‍, പൂര്‍ണ്ണമായും കേള്‍വി നഷ്ടപ്പെട്ട കുട്ടികള്‍, ശയാവലംബരും, പരിചാരകരുടെ സഹായത്തോടെ മാത്രം ജീവിക്കാന്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്കും ആശ്വാസം നല്‍കുന്ന പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
Keywords: M.K.Muneer minister, Kasaragod