city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
വാഹനങ്ങള്‍ മാസ വാടകയ്ക്ക് എടുക്കുന്നു

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന് വേണ്ടിയും ബെള്ളൂര്‍, പെര്‍ള, കയ്യൂര്‍ എന്നീ പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലേക്കും എന്‍.ആര്‍.എച്ച്.എം മുഖേന നാല് വാഹനങ്ങള്‍ മാസവാടകയ്ക്ക് എടുക്കുന്നു. മലയോര മേഖലയില്‍ ഓടുവാന്‍ ഉതകുന്നതായിരിക്കണം വാഹനങ്ങള്‍. ഇതു സംബന്ധിച്ചുള്ള ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 14ന് മൂന്ന് മണിവരെ സ്വീകരിക്കുന്നതാണ്. താല്പര്യമുള്ള വാഹന ഉടമകള്‍ക്ക് വിശദ വിവരങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ എന്‍.ആര്‍.എച്ച്.എം വിഭാഗത്തില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0467-2209466.

സെന്‍സസ് പ്രതിഫലം ആഗസ്റ്റ് 16 മുതല്‍

സാമുഹിക സാമ്പത്തിക ജാതി സെന്‍സസില്‍ പങ്കെടുത്ത എന്യൂമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള ഹോണറേറിയവും യാത്രാപ്പടിയും കാറഡുക്ക ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസില്‍ നിന്ന് ആഗസ്റ്റ് 16 മുതല്‍ വിതരണം ചെയ്യുമെന്ന് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

അയ്യങ്കാളി സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം

പഠനത്തില്‍ മികവ് പുലര്‍ത്തുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അയ്യങ്കാളി സ്മാരക സ്‌കോളര്‍ഷിപ്പ് ഓഗസ്റ്റ് 11ന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണം ചെയ്യും. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് വിതരണവും, സെമിനാറും ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മമതാ ദിവാകര്‍ അദ്ധ്യക്ഷത വഹിക്കും.

ജില്ലാതല ജനകീയ സമിതി യോഗം

വ്യാജചാരായം, ഉല്പാദനം, വിപണനം, വില്പന, കടത്ത്, പാന്‍മസാല എന്നിവ തടയുന്നതിന് പൊതുജന സഹകരണത്തോടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്മാരെയും, ജനപ്രതിനിധികളെയും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം ഓഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്. യോഗത്തില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷത വഹിക്കും.

കള്ള് ഷാപ്പ് ലേലം 14ന്

കാസര്‍കോട് ഡിവിഷനില്‍ വില്പന പോകാത്ത കുമ്പള റെയിഞ്ചിലെ ആറാം ഗ്രൂപ്പിലെ ആറ് കള്ള് ഷാപ്പുകളുടെ വില്പന ആഗസ്റ്റ് 14ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസറഗോഡ് എക്‌സൈസ് ഡിവിഷന്‍ ഓഫീസുമായോ, കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുമായോ ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

വാഹന ലേലം മാറ്റിവെച്ചു

കാസര്‍കോട് എക്‌സൈസ് ഡിവിഷനില്‍ ഓഗസ്റ്റ് ഒന്‍പതിന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന 18 വാഹനങ്ങളുടെ ലേലം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

നെല്‍വയല്‍ കരട് ഡാറ്റാ ബാങ്ക്: പരാതികള്‍ നല്‍കാം

സംസ്ഥാന നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രകാരം തയ്യാറാക്കിയ കരട് ഡാറ്റാ ബാങ്ക് കുറ്റമറ്റതാക്കാന്‍ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നു. പരാതികള്‍ പരിശോധിച്ച് ഉചിതമായ നടപടികള്‍ എടുക്കുന്നതാണ്. നെല്‍വയലുകളോ തണ്ണീര്‍ത്തടങ്ങളോ കരട് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാതെ പോയിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച പരാതികള്‍ സെപ്റ്റംബര്‍ 10 വരെ കളക്ടര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കാം. കൂടാതെ കളക്ടറേറ്റിലെ 1077, ലാന്റ് റവന്യൂ കമ്മീഷണറേറ്റിലെ 1070 എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിളിച്ചു പരാതികള്‍ ബോധ്യപ്പെടുത്താവുന്നതാണ്. കൃഷി ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും സാധാരണക്കാര്‍ക്ക് കരട് ഡാറ്റാ ബാങ്ക് പരിശോധനയ്ക്ക് ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പി ടി എ യോഗം

ഇരിയണ്ണി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ ജനറല്‍ ബോഡി യോഗം ആഗസ്റ്റ് ഒന്‍പതിന് രണ്ട് മണിക്ക് സ്‌കൂളില്‍ ചേരും. സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെയും രക്ഷിതാക്കള്‍ യോഗത്തിനെത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

മധൂര്‍ പഞ്ചായത്ത് പരിധിയില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2012 മാര്‍ച്ച് മാസത്തില്‍ സംസ്ഥാന സിലബസ്സില്‍ പരീക്ഷയെഴുതിയവരായിരിക്കണം. സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 13നകം മധൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം.

 
Keywords:  Govt. Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia