city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഖാവ് എന്ന പേരിലുള്ള പുരുഷസ്വയം സഹായസംഘത്തിനെതിരെ സി പി എം ബ്രാഞ്ച് കമ്മിറ്റി പരാതി നല്‍കി; നേതൃത്വം ഇടപെട്ട് സംഘടന മരവിപ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.07.2017) സിപിഎം ശക്തികേന്ദ്രമായ അതിയാമ്പൂരില്‍ സഖാവ് എന്ന പേരില്‍ പുരുഷസ്വയം സഹായസംഘം രൂപീകരിച്ചതിനെതിരെ പാര്‍ട്ടിനേതൃത്വം രംഗത്തുവന്നു. പാര്‍ട്ടി അതിയാമ്പൂര്‍ ഒന്നാം ബ്രാഞ്ച് സെക്രട്ടറി ബല്ല ബാബുവിന്റെ നേതൃത്വത്തിലാണ് അതിയാമ്പൂര്‍ ബാലബോധിനി വായനശാല കേന്ദ്രീകരിച്ച് സഖാവ് പുരുഷ സ്വയം സഹായ സംഘം രൂപീകരിച്ചത്.

എന്നാല്‍ സഖാവ് സംഘടന പാര്‍ട്ടി ബദലാണെന്ന് ആരോപിച്ച് പാര്‍ട്ടിയിലെ മറുപക്ഷം രംഗത്ത് വരികയായിരുന്നു. പി കുഞ്ഞികൃഷ്ണന്‍ സെക്രട്ടറിയായ രണ്ടാം ബ്രാഞ്ച് കമ്മിറ്റിയാണ് സഖാവിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇവര്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് സഖാവ് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്താനുള്ള സംഘടനയാണെന്ന് ആരോപിച്ചും നടപടി ആവശ്യപ്പെട്ടും ബല്ല ലോക്കല്‍ കമ്മിറ്റിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് സെക്രട്ടറി ഗോപിയുടെ സാന്നിധ്യത്തില്‍ അടിയന്തിര ബല്ല ലോക്കല്‍ കമ്മിറ്റിയോഗം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സംബന്ധിച്ചു.

തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത ബല്ലാ ലോക്കല്‍ കമ്മിറ്റി യോഗമാണ് സഖാവിന്റെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നഗരസഭാ ചെയര്‍മാന്റെ പ്രവര്‍ത്തനങ്ങളോട് താല്‍പ്പര്യമില്ലാത്ത പ്രവര്‍ത്തകരാണ് സഖാവ് സംഘടനക്ക് പിറകില്‍ എന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് സംഘടനയുടെ പിറവിയെന്നും ഇവര്‍ക്ക് പരാതിയുണ്ട്. പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നവര്‍ മറ്റൊരു സംഘടന ഉണ്ടാക്കുമ്പോഴോ അതിന്റെ ഭാരവാഹിത്വം ഏറ്റെടുക്കുമ്പോഴോ പാര്‍ട്ടിയില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഇവര്‍ പറയുന്നത്.

ഈ പശ്ചാത്തലത്തിലാണ് പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി ജില്ലാ കമ്മിറ്റി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ടത്. മുന്‍കാലങ്ങളില്‍ അതിയാമ്പൂര്‍ കേന്ദ്രീകരിച്ചുണ്ടായിരുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും അണികള്‍ പാര്‍ട്ടിക്കൊപ്പം അണിചേരുകയും ചെയ്തതോടെ അതിയാമ്പൂരില്‍ പാര്‍ട്ടി ഒറ്റക്കെട്ടായിരുന്നു. പിന്നീട് അസ്വാരസ്യങ്ങള്‍ ഉയര്‍ന്നത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ കാലഘട്ടത്തിലായിരുന്നു. പിന്നീട് ഇതും പരിഹരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ രൂപീകരിക്കുകയും പാര്‍ട്ടി മരവിപ്പിക്കുകയും ചെയ്ത സഖാവിന് പിന്നില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പുറമെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച സിഎംപി സ്ഥാനാര്‍ത്ഥിയുടെ സഹോദരനും സഖാവിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട് എന്നാണ് എതിര്‍ചേരി ആരോപിക്കുന്നത്.
എന്നാല്‍ പുരുഷസ്വയം സഹായ സംഘം രൂപീകരിച്ചത് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കല്ലെന്നും ജനസേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു.
സഖാവ് എന്ന പേരിലുള്ള പുരുഷസ്വയം സഹായസംഘത്തിനെതിരെ സി പി എം ബ്രാഞ്ച് കമ്മിറ്റി പരാതി നല്‍കി; നേതൃത്വം ഇടപെട്ട് സംഘടന മരവിപ്പിച്ചു


Keywords:  Kasaragod, Kerala, Kanhangad, news, Top-Headlines, Sakhavu Organization frozen

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia