'സംഗീതം ജാതി മത വര്‍ഗ വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യ മനസുകളെ ഒന്നിപ്പിക്കും'
Oct 23, 2012, 19:44 IST
കാസര്‍കോട്: കലയുടെ ഏറ്റവും ഉദാത്തമായ ഭാവമാണ് സംഗീതമെന്നും അത് പഠിക്കുകയല്ല ആസ്വദിക്കാനുള്ള ഒരു മനസാണ് വേണ്ടതെന്നും അത് നേടാനായാല്‍ ജാതി, മത, വര്‍ഗ, ഭാഷാ വ്യത്യാസങ്ങള്‍ മറന്ന് മനസുകള്‍ ഒന്നിക്കുമെന്നും സംഗീത നിരൂപകനും ആസ്വാദകനുമായ കെ രമേഷ് ബാബു പറഞ്ഞു. റഫി മഹലില്‍ എ എസ് മുഹമ്മദ് കുഞ്ഞിയുടെ സംഗീതം തന്നെ ജീവിതം എന്ന പുസ്തക ചര്‍ച്ചയില്‍ വിഷയമവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗീതം ഉള്‍ക്കൊള്ളാനാവുന്ന ഒരു മനസിനെ ഇത്തരം ഒരു പുസ്തകം രചിക്കാനാവൂ. സംഗീതത്തിന് ജീവിതം സമര്‍പ്പിച്ച വ്യക്തികളിലൂടെ സംഗീതത്തിന്റെ അഗാധതലങ്ങളെ തൊടാന്‍ ഈ കൃതി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തളങ്കര റഫി ആര്‍ട്‌സ് & കള്‍ച്ചര്‍ സെന്റര്‍ ഒരുക്കിയ ചടങ്ങില്‍ പി. എസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പി. കെ സത്താര്‍ സ്വാഗതം പറഞ്ഞു. ബി.എസ്. മഹമൂദ്, എരിയാല്‍ ശെരീഫ്, റഹ്മത്ത് മുഹമ്മദ്, സി. പി. മാഹിന്‍, മുഹമ്മദ് ശെരീഫ്, താജുദ്ദീന് ബാങ്കോട്, ടി.എം.എ റഹ്മാന്‍, എ.എസ് മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. പ്രശസ്ത ഹിന്ദി സിനിമാ രചയിതാവ് യാഷ് ചോപ്രയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Keywords: Kasaragod, Music and harmony, K. Ramesh Babu, Rafi, K.S Mohammed Kunhi, Thalangara, Rafi arts and culture centre.