വേലാശ്വരത്തെ ഉല്‍സവപറമ്പില്‍ പോലീസും ചൂതാട്ടസംഘവും ഏറ്റുമുട്ടി; രണ്ടുപേര്‍ അറസ്റ്റില്‍
Apr 4, 2016, 11:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2016) വേലാശ്വരത്തെ ഉല്‍സവപറമ്പില്‍ പോലീസും ചൂതാട്ടസംഘവും ഏറ്റുമുട്ടി. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. വേലാശ്വരം ശിവക്ഷേത്രത്തില്‍ ഉല്‍സവം നടക്കുന്നതിനിടെ ഉല്‍സവപറമ്പില്‍ കുലുക്കിക്കുത്ത് ചൂതാട്ടം നടക്കുന്ന വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ് ഐ ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ചൂതാട്ടസംഘത്തെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുപ്പത്തിനാലോളം വരുന്ന ചൂതാട്ടസംഘം പോലീസിനെ തടഞ്ഞു.
തുടര്‍ന്ന് പോലീസും ചൂതാട്ടസംഘവും തമ്മിലേറ്റുമുട്ടി. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സംഘമെത്തുകയും കുലുക്കിക്കുത്ത്‌സംഘത്തിലെ രണ്ടുപേരെ പിടികൂടുകയും ചെയ്തു. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. മോഹനന്‍, ഗോവിന്ദന്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 12300 രൂപയും പിടികൂടിയിട്ടുണ്ട്. ചൂതാട്ടം നടത്തിയതിനും പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും 34 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kanhangad, Police, Case, Arrest, Assault, Biju Prakash SI, Mohanan, Govindan