വിജയത്തിന് വേറിട്ട വഴിയുമായി ബേക്കല്‍ ഫിഷറീസ് സ്കൂള്‍
May 4, 2012, 11:02 IST
![]() |
ബേക്കല്‍ ഗവ. ഫിഷറീസ് എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ |
ബേക്കല്‍: വിജയികളായ സന്തോഷത്തില്‍ മടങ്ങാനൊരുമ്പോഴാണ് പുതിയ ക്ളാസിലേക്കുള്ള പാഠപുസ്തകങ്ങള്‍ കിട്ടിയത്. ഇതോടെ ആഹ്ളാദത്തിന് അതിരില്ലാതായി. ആര്‍ത്തുവിളിച്ചും തുള്ളിച്ചാടിയുമായിരുന്നു പിന്നീട് വിജയാഹ്ളാദ പ്രകടനം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന ബേക്കല്‍ ഗവ. ഫിഷറീസ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളുടേതാണ് ഈ ആഘോഷം. പേരെഴുതി ഒട്ടിക്കുന്ന സാമ്പ്രദായിക രീതിക്ക് പകരം കുട്ടികളെ സ്കൂള്‍ ഹാളില്‍ ഒന്നിച്ചിരുത്തി വിജയിച്ചവരുടെ പേരുകള്‍ പ്രഖ്യാപിക്കുകയാണ് ഇവിടെ. ഇക്കുറിയും പതിവ് തെറ്റിയില്ല. പ്രധാനാധ്യാപകന്‍ കെ നാരായണന്‍ വിജയികളുടെ പേരുകള്‍ ഓരോന്നായി വായിച്ചു.
കടലിന്റെ മക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ കൊച്ചു വിദ്യാലയം. മുഴുവന്‍ കുട്ടികളെയും ഒരു ദിവസം പോലും മുടങ്ങാതെ വിദ്യാലയത്തിലെത്തിക്കാനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും അധ്യാപകരും രക്ഷിതാക്കളും നടത്തുന്ന പരിശ്രമം സ്കൂളിനെ വേറിട്ടതാക്കുന്നു. പ്രീ പ്രെെമറി ക്ളാസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് പിടിഎ. പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കാന്‍ 21 മുതല്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന 'ഒരുക്കം 2012'‘സംഘടിപ്പിക്കും.
Keywords: Bekal, GFLPS, Kasaragod