city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാടകയെചൊല്ലി തര്‍ക്കം; മാധ്യമപ്രവര്‍ത്തകനെ ഓട്ടോഡ്രൈവറും കൂട്ടാളികളും ആക്രമിച്ചു

കാസര്‍കോട്: (www.kasargodvartha.com 11.06.2014) അമിതവാടക നല്‍കാന്‍ കൂട്ടാക്കാത്തതിന് പത്രലേഖകനെ ഓട്ടോഡ്രൈവറും രണ്ട് കൂട്ടാളികളും ചേര്‍ന്ന് പിടിച്ച് തള്ളുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം. ഇന്ത്യന്‍ എക്‌സ്പ്രസ് കാസര്‍കോട് ജില്ലാ ലേഖകനും കൊല്ലം സ്വദേശിയുമായ സി.ജി. ശങ്കറിനെ (28) യാണ് ആക്രമിച്ചത്.

ശങ്കര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ചൊവ്വാഴ്ച രാത്രി കെ.പി.ആര്‍. റാവു റോഡില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനടുത്ത ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശങ്കര്‍ മഴയായതിനാല്‍ താമസസ്ഥലമായ പഴയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിനടുത്ത റോക്‌സിമഹല്‍ ലോഡ്ജിലെത്താന്‍ ഓട്ടോ പിടിക്കുകയായിരുന്നു. ലോഡ്ജിന് താഴെ ഇറങ്ങിയ ശങ്കര്‍ മിനിമം വാടകയായ 15 രൂപ നീട്ടിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ അത് വാങ്ങാന്‍ കൂട്ടാക്കാതെ 25 രൂപ വേണമെന്നാവശ്യപ്പെട്ട് തര്‍ക്കിക്കുകയായിരുന്നു.

200 മീറ്റര്‍പോലും ദൂരമില്ലാത്ത ഓട്ടത്തിന് 25 രൂപ വേണമെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍വെച്ച് തരാമെന്നും വണ്ടി അങ്ങോട്ട് വിടണമെന്നും ശങ്കര്‍ ആവശ്യപ്പെട്ടു. അതിനിടെ ഓട്ടോ ഡ്രൈവറും അവിടെയെത്തിയ മറ്റുരണ്ടുപേരുംചേര്‍ന്ന് തന്നെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ച് കൈക്കലാക്കുകയുമായിരുന്നുവെന്ന് ശങ്കര്‍ പറഞ്ഞു. രാത്രി 10 മണികഴിഞ്ഞാല്‍ ടൗണില്‍ ഓട്ടോയുടെ മിനിമം വാടക 25 രൂപയാണെന്ന് ഓട്ടോഡ്രൈവര്‍മാര്‍ തര്‍ക്കിച്ചതായും എന്നാല്‍ താന്‍ ഓട്ടോ ഇറങ്ങിയ സമയം 9.15 മണിയേ ആയിട്ടുള്ളുവെന്നും ശങ്കര്‍ പറഞ്ഞു.

കൂടുതല്‍ ആളുകളെ വരുത്തി തന്നെ വളഞ്ഞുവെച്ച് ആക്രമിക്കാനായിരുന്നു ഓട്ടോ ഡ്രൈവറുടെ ശ്രമമെന്നും അതിനിടെ താന്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ശങ്കര്‍ പറഞ്ഞു. തെക്കന്‍ ജില്ലക്കാര്‍ ഇവിടെ വന്ന് കൂടുതല്‍ വിലസേണ്ടെന്നും ഇവിടെ പണിയെടുക്കാന്‍ വിടില്ലെന്നും ഓട്ടോഡ്രൈവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശങ്കര്‍ ആലിയ ലോഡ്ജിലെ ഒരു പത്ര ഓഫീസില്‍ ചെന്ന് സംഭവം പറയുകയും ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. സംഭവത്തില്‍ എസ്.പിക്ക് പരാതി നല്‍കിയതിനെതുടര്‍ന്ന് ഓട്ടോയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശങ്കറില്‍ നിന്നും തട്ടിപ്പറിച്ചഫോണ്‍ ഓട്ടോഡ്രൈവര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചിട്ടുണ്ട്. ടൗണില്‍നിന്ന് വീണ് കിട്ടിയതാണ് ഫോണ്‍ എന്നാണ് ഓട്ടോഡ്രൈവര്‍ സ്‌റ്റേഷനില്‍ അറിയിച്ചിരിക്കുന്നത്. തട്ടിത്തെറിപ്പിച്ചതിനാല്‍ നിലത്ത് വീണ് ഫോണിന് കേടുപറ്റിയിട്ടുണ്ട്. നഗരത്തില്‍ ചില ഓട്ടോഡ്രൈവര്‍മാര്‍ യാത്രക്കാരില്‍നിന്ന് രാത്രിയിലും അല്ലാത്തസമയത്തും അമിത വാടക ഈടാക്കുന്നതായും രാത്രിയില്‍ വാടകപോകാന്‍ മടിക്കുന്നതായും നേരത്തെ തന്നെ പരാതിയുണ്ട്.
വാടകയെചൊല്ലി തര്‍ക്കം; മാധ്യമപ്രവര്‍ത്തകനെ ഓട്ടോഡ്രൈവറും കൂട്ടാളികളും ആക്രമിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia