city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലെ കൊള്ള; ബാഗ് കാട്ടില്‍ കണ്ടെത്തി

റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലെ കൊള്ള; ബാഗ് കാട്ടില്‍ കണ്ടെത്തി
 മാവുങ്കാല്‍: ദേശീയപാതയ്ക്കരികില്‍ വിശ്രമിക്കാനായി നിര്‍ത്തിയിട്ട വാഹനത്തില്‍നിന്നും കുടുംബത്തിന്റെ പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെയ് 24 ന് വൈകുന്നേരം ഹര്‍ത്താല്‍ ദിനത്തിലാണ് പുല്ലൂര്‍ വിഷ്ണുമംഗലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഉറങ്ങുന്ന സമയത്ത് 20,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കൊള്ളയടിക്കപ്പെട്ടത്. കര്‍ണ്ണാടക ഷിമോഗയില്‍ താമസിക്കുന്ന മലയാളികളായ മോഹനന്‍, ഭാര്യ ലത, മക്കളായ അഖില്‍, അര്‍ജ്ജുന്‍, മോഹനന്റെ മാതാവ് ഗൗരി എന്നിവര്‍ റോഡരികില്‍ നിര്‍ത്തിയിട്ട കെഎ 15 എം 4681 നമ്പര്‍ കാറില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കവര്‍ച്ച നടന്നത്. ഹര്‍ത്താല്‍ സമയം അവസാനിക്കുന്നതുവരെ വിശ്രമിക്കുന്നതിനായാണ് കുടുംബം വിഷ്ണുമംഗലത്ത് ദേശീയപാതയ്ക്കരികില്‍ കാര്‍ നിര്‍ത്തിയിട്ടത്.
വൈകീട്ട് 4.30 മണിയോടെ മോഹനന്‍ ഉണര്‍ന്ന് പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. മോഹനന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയായിരുന്നു. അതിനിടെ പണവും മൊബൈല്‍ ഫോണുകളും എടുത്തശേഷം മോഷ്ടാക്കള്‍ കുറ്റിക്കാട്ടില്‍ എറിഞ്ഞ ബാഗ് ഇന്ന് രാവിലെ കണ്ടെത്തി. കാര്‍ നിര്‍ത്തിയിട്ടിരുന്ന ഭാഗത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്ന ബാഗ് രാവിലെ അടുത്തുള്ള പ്ലാവില്‍ ചക്ക പറിക്കാന്‍ കയറിയ ആളാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി. പോലീസ് ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ കാറിന്റെ താക്കോല്‍ മാത്രമാണ് ബാഗിനകത്തുണ്ടായിരുന്നത്. ഈ ബാഗ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താക്കോല്‍ കാണാതായതിനെ തുടര്‍ന്ന് ഇന്നലെ മോഹനനും കുടുംബത്തിനും പോകാന്‍ സാധിച്ചിരുന്നില്ല. കോട്ടയം പാലായിലെ തറവാട്ട് വീട്ടിലേക്ക് പോകാനാണ് മോഹനനും കുടുംബവും കാറില്‍ യാത്ര തിരിച്ചിരുന്നത്.

താക്കോല്‍ ഇല്ലാത്തതിനാല്‍ മോഹനനും കുടുംബവും ഇന്നലെ കാഞ്ഞങ്ങാട്ട് തന്നെ തങ്ങുകയായിരുന്നു. മറ്റൊരു താക്കോലും കാറിന്റെ റിമോട്ടും ഷിമോഗയില്‍ നിന്നും ബന്ധുക്കള്‍ മുഖേന വരുത്തിച്ചശേഷം പാലായിലേക്ക് പുറപ്പെടാന്‍ കുടുംബം ഒരുങ്ങുന്നതിനിടെയാണ് താക്കോല്‍ സഹിതം ബാഗ് കുറ്റിക്കാട്ടില്‍ കണ്ടെത്തിയ വിവരം ഇവര്‍ അറിഞ്ഞത്. ഇതേതുടര്‍ന്ന് കുടുംബം വിഷ്ണുമംഗലത്തെത്തി ബാഗ് തങ്ങളുടെതാണെന്ന് ഉറപ്പിച്ചു. കവര്‍ച്ചക്കാരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇവരെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. കവര്‍ച്ച ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ കുടുംബം ഇന്നലെ വൈകീട്ട് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നെങ്കിലും പോലീസ് വൈകിയാണ് എത്തിയതെന്ന് ആരോപണമുണ്ട്. ഷിമോഗയില്‍ കൃഷിയും കച്ചവടവും നടത്തിയാണ് മോഹനനും കുടുംബവും കഴിയുന്നത്. ദേശീയപാത കേന്ദ്രീകരിച്ച് വാഹനങ്ങള്‍ തടഞ്ഞും ഡ്രൈവര്‍മാരെ ആക്രമിച്ചും പിടിച്ച് പറി നടത്തുന്ന പ്രൊഫഷണല്‍ സംഘത്തില്‍പെട്ടവര്‍ തന്നെയാണ് മോഹനനെയും കുടുംബത്തെയും കൊള്ളയടിച്ചതെന്ന് സംശയിക്കുന്നുണ്ട്.

Keywords: Kasaragod, Mavungal, Robbery, Bag.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia