മാലിന്യ നിക്ഷേപം: സെക്രട്ടറിയുടെ ഉറപ്പിന്‍മേല്‍ നഗരസഭാ കൗണ്‍സിലര്‍ സത്യഗ്രഹം നിര്‍ത്തിവെച്ചു
Nov 5, 2014, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2014) നഗരത്തിലെ മാലിന്യങ്ങള്‍ ജനവാസ കേന്ദ്രത്തിന് സമീപം നിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് നഗരസഭയിലെ 12-ാം വാര്‍ഡ് കൗണ്‍സിലര്‍ രൂപറാണി നഗരസഭാ കാര്യാലയത്തിന് മുന്നില്‍ തുടങ്ങിയ വായ്മൂടിക്കെട്ടി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നിര്‍ത്തിവെച്ചു. വ്യാഴാഴ്ച രാവിലെ മാലിന്യം നീക്കാമെന്ന് നഗരസഭാ സെക്രട്ടറിയുടെ ഉറപ്പിന്‍മേലാണ് കൗണ്‍സിലര്‍ സത്യഗ്രഹ സമരം നിര്‍ത്തിവെച്ചത്.
വാക്കുപാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് രുപാറാണി പറഞ്ഞു. കൊറക്കോട് ക്ഷേത്രത്തിലെ ശാന്തിയും നാട്ടുകാരും കൗണ്‍സിലറോടൊപ്പം സത്യഗ്രഹ സമരത്തിനെത്തിയിരുന്നു. ഒരാഴ്ചയായി മുനിസിപ്പല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കൂട്ടിയിട്ടിരുന്ന ദുര്‍ഗന്ധം വമിക്കുന്ന 20 ടണ്ണോളം മാലിന്യങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ജനവാസ കേന്ദ്രത്തില്‍ തള്ളിയത്. ഏതാനും ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചത്.
കാസര്‍കോട് നഗരത്തില്‍ ശുദ്ധജലം വിതരണം ചെയ്യുന്ന തുറന്ന വാട്ടര്‍ ടാങ്ക്സ്ഥിതി ചെയ്യുന്നത് ഇതിനടുത്താണ്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും നഗരസഭാ കാര്യാലയവും സ്ഥിതി ചെയ്യുന്നതിന് അടുത്ത് നിക്ഷേപിച്ച മാലിന്യം ഇതിന് താഴെ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടാക്കും. നഗരസഭയിലെ മലിന ജലം കൊറക്കോട് വയലിലേക്ക് ഒഴുക്കുന്നതിനെതിരെ നാട്ടുകാര്‍ ഹരിത ട്രൈബ്യൂണലിന് പരാതി നല്‍കിയിരുന്നു. അടുത്താഴ്ച ഇതിന്റെ വിചാരണ നടക്കാനിരിക്കെയാണ് ജനവാസ കേന്ദ്രത്തില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൗണ്‍സിലര്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്.