city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയോരത്ത് മയില്‍വേട്ടസംഘം സജീവം; ഉപയോഗിക്കുന്നത് കള്ളത്തോക്കുകള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 03/08/2015) ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ മയില്‍വേട്ടസംഘം സജീവമായി. കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളിലും ഹൊസ്ദുര്‍ഗ് - വെള്ളരിക്കുണ്ട് താലൂക്കുകളിലെ മലയോര മേഖലകളിലുമാണ് മയില്‍വേട്ടക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കിനാനൂര്‍ - കരിന്തളം, കോടോംബേളൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ വനമേഖലകള്‍ മയിലുകളുടെ താവളങ്ങളാണ്. ഇതിന് പുറമെ അപൂര്‍വ്വയിനം പക്ഷികളും വനപ്രദേശങ്ങളിലുണ്ട്. ഇപ്പോള്‍ മയിലുകളെ വേട്ടയാടിപ്പിടിക്കാന്‍ പ്രത്യേക സംഘങ്ങള്‍തന്നെ തോക്കുകളുമായി വിലസുകയാണ്.

കള്ളത്തോക്കുകളാണ് മയിലുകളേയുംമറ്റും വേട്ടയാടാന്‍ ഉപയോഗിക്കുന്നത്. മലയോര മേഖലകളിലെ വിവിധ ഭാഗങ്ങളില്‍ കള്ളത്തോക്കുകള്‍ നിര്‍മ്മിക്കുന്ന രഹസ്യകേന്ദ്രങ്ങള്‍തന്നെയുള്ളതായാണ് വിവരം. വന്‍തുകകള്‍മുടക്കി വാങ്ങുന്ന തോക്കുകള്‍ അനധികൃത നായാട്ടിനാണ് ഉപയോഗിക്കുന്നത്. മുമ്പ്് കള്ളത്തോക്ക് നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളെന്ന സംശയത്തില്‍ പോലീസ് വ്യാപകമായി റെയ്ഡ് നടത്തുകയും ലൈസന്‍സില്ലാത്ത നിരവധി തോക്കുകള്‍ പിടികൂടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഏറെനാളായി കള്ളത്തോക്ക് നിര്‍മ്മാണം തടയാന്‍ ആവശ്യമായ നടപടി പോലീസ് കൈക്കൊള്ളുന്നില്ല. പക്ഷികളേയും മൃഗങ്ങളേയും വേട്ടയാടുന്ന സംഘങ്ങള്‍ക്ക് വനപാലകര്‍ ഒത്താശനല്‍കുന്നതായുള്ള പരാതിയും വ്യാപകമാണ്. മയിലുകളെ വേട്ടയാടിയാല്‍ ലക്ഷങ്ങള്‍ തന്നെ സമ്പാദിക്കാനുള്ള വരുമാനമുണ്ടാക്കാമെന്നാണ് നായാട്ടുസംഘങ്ങള്‍ കണക്കുകൂട്ടുന്നത്. മയിലുകളെകൊന്ന് എണ്ണയുണ്ടാക്കിവില്‍ക്കുന്ന സംഘം വ്യാപകമാണ്. ഇതിന് പുറമെ മയില്‍പീലിയും നെയ്യും വില്‍പന നടത്തിയാലും സാമ്പത്തിക ലാഭമുണ്ടാക്കാം. മയിലുകളെ വെടിവെച്ചുകൊല്ലുന്നതിന് പുറമെ കുടുക്കിട്ട് പിടിക്കുന്ന രീതിയും മലയോരത്ത് വ്യാപകമായുണ്ട്.

മുമ്പ് മയിലുകള്‍ തിങ്ങിനിറഞ്ഞഭാഗത്ത് ഇപ്പോള്‍ ഇവയുടെ എണ്ണം കുറഞ്ഞുവരുന്നത് തന്നെ ഇവ വേട്ടയാടപ്പെടുന്നുവെന്നതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. മയില്‍വേട്ടക്കാര്‍ക്കെതിരെ കര്‍ശനടപടി സ്വീകരിക്കണമെന്നാണ് മലയോരവാസികളുടെ ആവശ്യം. മലയോരപ്രദേശങ്ങളില്‍ മയിലുകളെ വേട്ടയാടുമ്പോള്‍ തന്നെ ജില്ലയിലെ തീരപ്രദേശങ്ങളില്‍ മയിലുകളെ ധാരാളമായി കണ്ടുവരുന്നു. മലയോരങ്ങള്‍ താവളമാക്കിയ മയിലുകളില്‍പലതും കൂട്ടത്തോടെ തീരദേശങ്ങളിലേക്ക് പറന്നിറങ്ങിയതായാണ് സംശയിക്കുന്നത്.
മലയോരത്ത് മയില്‍വേട്ടസംഘം സജീവം; ഉപയോഗിക്കുന്നത് കള്ളത്തോക്കുകള്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia