മതത്തിന്റെ പേരിലുള്ള വേര്‍തിരിവ് ഭീകരതയാണ്: എം.എ.റഹ്മാന്‍
May 22, 2012, 15:08 IST

കാസര്‍കോട്: ജാതിയുടെയും മതത്തിന്റെയും പ്രാദേശികവുമായ വേര്‍തിരിവുകള്‍ ഭീകരതയാണെന്ന് എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം.എ.റഹ്മാന്‍ അഭിപ്രായപ്പെട്ടു. കളക്ടറേറ്റില്‍ നടന്ന ഭീകര വിരുദ്ധ ദിനാചരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാസര്‍കോട്ട് ഓരോ മതവിഭാഗങ്ങളില്‍ പെട്ടവരും തങ്ങളുടെ താമസ സ്ഥലം തെരഞ്ഞെടുക്കുന്നത് അതാത് മതവിഭാഗക്കാര്‍ മാത്രമുള്ള പ്രദേശത്താണ്. ഓരോ മതവിഭാഗക്കാരും അവര്‍ താമസിക്കുന്ന പ്രദേശം ആ വിഭാഗക്കാരുടെ മാത്രം പ്രദേശമായി മാറ്റിയിരിക്കുകയാണ്. വ്യത്യസ്ത മതവിഭാഗക്കാര്‍ തമ്മിലുള്ള കുടുംബ സന്ദര്‍ശനം പോലും ഇവിടെ അന്യമാണ്. മതവിഭാഗക്കാര്‍ തമ്മിലുള്ള ബന്ധം ഇവിടെ ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ സമൂഹത്തിലെ നല്ലവരായ ജനങ്ങള്‍ ഉണരണം.
ഔദ്യോഗിക രംഗത്തെ ഭീകരതയും ഭരണകൂടങ്ങളിലെ ഭീകരതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ നില പരിതാപകരമാകുന്നു. വര്‍ഗ്ഗീയ ഭീകരതയും, രാഷ്ട്രീയ ഭീകരതയും ഓരോ വ്യക്തിയെയും വേട്ടയാടിക്കൊണ്ടിരിക്കുന്നു. വീട്ടില്‍ നിന്ന് പുറപ്പെട്ടയാള്‍ സുരക്ഷിതമയി തിരിച്ചെത്തുമോ എന്ന ഭയാശങ്കയിലാണ് നമ്മള്‍ ജീവിച്ചു വരുന്നത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്നവനെ ഭരണകൂടം ഭീകരനായി മുദ്രകുത്തുന്നു. ഭരണകൂടത്തോടൊപ്പം നില്‍ക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന സ്ഥിതിയാണുള്ളത്. ഭീകരതയും ക്രൂരമായ കൊലപാതകങ്ങളും കണ്ട് വളരുന്ന ഇന്നത്തെ കുട്ടികള്‍ ഭാവിയില്‍ എങ്ങനെ നല്ല പൌരനാകും?. നമ്മുടെ ഭയത്തെ അകറ്റാന്‍ എന്ത് ചെയ്യാനാകുമെന്ന് കൂട്ടായ ചിന്ത വളര്‍ന്ന് വരണം.
രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരന്‍ നമ്മെ തകര്‍ക്കാന്‍ ഒളികണ്ണിട്ടു നോക്കി നില്‍ക്കുകയാണെന്നും ഇവ ചെറുക്കാന്‍ ജനമുന്നേറ്റം ഉണ്ടാവണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍ ആശംസകള്‍ അര്‍പ്പിച്ചു. എ.ഡി.എം. എച്ച്.ദിനേശന്‍ നന്ദി പറഞ്ഞു.
Keywords: M.A.Rahman, Collectorate, Kasaragod