ബിന്ദുവിന്റെ മരണം താങ്ങാനാവാതെ കൊട്രച്ചാല്‍ ഗ്രാമം തേങ്ങുന്നു
Jan 29, 2015, 17:03 IST
നീലേശ്വരം: (www.kasargodvartha.com 29/01/2015) ബിന്ദുവിന്റെ മരണം താങ്ങാനാവാതെ കൊട്രച്ചാല്‍ ഗ്രാമം തേങ്ങുന്നു. നായ കുറുകെ ചാടിയതിനെതുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് എട്ട് ദിവസത്തോളമായി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം. ബിന്ദുവിന്റെ മരണം ജനങ്ങള്‍ക്ക് ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല.
പറക്കമുറ്റാത്ത രണ്ട് പെണ്‍മക്കളെ തനിച്ചാക്കിയാണ് ബിന്ദുയാത്രയായത്. കുവൈത്തില്‍ ജോലിചെയ്യുന്ന മാണിക്കോത്തെ ശശിയുടെ ഭാര്യയാണ് ബിന്ദു. ജനുവരി 20ന് സുഹൃത്തും അയല്‍കാരിയുമായ യുവതികൊപ്പം സ്‌കൂട്ടറില്‍ മക്കളുടെ ഫീസടയ്ക്കാന്‍ കാഞ്ഞങ്ങാട്ടേക്ക് പോകുമ്പോഴാണ് നീലേശ്വരം തോട്ടം ജംഗ്ഷന് സമീപം നായ കുറുകെചാടിയതിനെതുടര്‍ന്ന് ബിന്ദു സ്‌കൂട്ടറില്‍നിന്നും തെറിച്ചുവീണത്. സ്‌കൂട്ടറിന് സമീപത്തുകൂടി കുരച്ചുകൊണ്ടോടിയ നായ ബിന്ദുവിന്റെ ചൂരിദാരിന്റെ ഷാളില്‍ കടിച്ചപ്പോഴാണ് പുറത്തേക്ക് തെറിച്ചുവീണത്.
തല കാര്‍ഷിക കോളജിന്റെ മതിലിനിടിച്ച് ചോരയില്‍കുളിച്ച ബിന്ദുവിനെ ഉടന്‍തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എട്ട് ദിവസത്തോളമായി അബോധാവസ്ഥയിലായിരുന്ന ബിന്ദു വ്യാഴാഴ്ച പുലര്‍ചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്. അപകടവിവരം അറിഞ്ഞ് കുവൈത്തിലായിരുന്ന ഭര്‍ത്താവ് ശശി നാട്ടിലെത്തിയിരുന്നു.
ബിന്ദുവിന്റെ ജീവന് വേണ്ടി നാട് ഒന്നടങ്കം പ്രാര്‍ത്ഥനയുമായി കഴിയുമ്പോഴാണ് വ്യാഴാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച മൃതദേഹം ഒരു നോക്കുകാണാന്‍ വന്‍ജനാവലിയാണ് ഒഴുകിയെത്തിയത്. കാഞ്ഞങ്ങാട് ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സൗപര്‍ണിക, സോപാനിക എന്നിവര്‍ മക്കളാണ്.
Related News:
നായ കുറുകെ ചാടിയപ്പോള്‍ സ്‌കൂട്ടറില്‍ നിന്നും വീണ് പരിക്കേറ്റ ഭര്‍തൃമതി മരിച്ചു
Keywords : Kasaragod, Kanhangad, Obituary, Bike, Accident, Nileshwaram, House-wife, Treatment, Bindu, Kottrachal.