city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂവാലശല്യം; വെള്ളിക്കോത്ത് സംഘര്‍ഷം

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയെ പെരളത്ത് സ്വകാര്യ സ്ഥാപനം നടത്തുന്ന രാവണീശ്വരം പാണംന്തോട് സ്വദേശിയും ഊരിചുറ്റാനിറങ്ങിയെന്ന് പറയപ്പെടുന്ന സംഭവം വെള്ളിക്കോത്ത് രണ്ടിടങ്ങളില്‍ ചൊവ്വാഴ്ച വൈകിട്ട് സംഘര്‍ഷത്തിനിടയാക്കി.

പെണ്‍കുട്ടിയെയും കൂട്ടി പറശ്ശിനിക്കടവിലേക്ക് പോയെന്ന് പറയപ്പെടുന്ന പാണംന്തോട് സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസം വെള്ളിക്കോത്ത് ചിലര്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഇതിന് പകരം ചോദിക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് പെരളത്തുനിന്ന് ഇതെ യുവാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം വെള്ളിക്കോത്ത് എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അജാനൂര്‍ വില്ലേജ് ഓഫീസിനടുത്ത് ഈ സംഘവും നാട്ടുകാരും വാക്കേറ്റമുണ്ടായി.

പിന്നീട് സംഘര്‍ഷം വെള്ളിക്കോത്ത് ടൗണിലേക്ക് വ്യാപിച്ചു. പിന്നീട് നടന്നത് കൂട്ടത്തല്ലായിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിക്കോത്ത് എത്തുമ്പോഴേക്കും സംഘര്‍ഷത്തിലേര്‍പ്പെട്ടവര്‍ സ്ഥലം വിട്ടിരുന്നു. വെള്ളിക്കോത്ത് ഹൈസ്‌ക്കൂള്‍ പരിസരം കേന്ദ്രീകരിച്ച് പൂവാല ശല്യം രൂക്ഷമായിട്ടുണ്ട്. സ്‌കൂള്‍ വിടുന്ന വൈകുന്നേരങ്ങളില്‍ പലസ്ഥലങ്ങളില്‍ നിന്നുമായി ഇരുചക്രവാഹനങ്ങളില്‍ നിരവധി യുവാക്കള്‍ സ്‌കൂള്‍ പരിസരത്ത് എത്തുന്നത് പതിവ് കാഴ്ചയാണ്.

മഡിയന്‍, കണ്ണികുളങ്ങര, പെരളത്ത് പാലത്തിനടുത്തും പൂവാലന്മാര്‍ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്താറുണ്ടെന്ന പരാതി വ്യാപകമാണ്. ചില ഓട്ടോ ഡ്രൈവര്‍മാരും ഇക്കൂട്ടത്തിലുണ്ടെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു. അതിനിടെ വെള്ളിക്കോത്തെ പൂവാല ശല്യം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍ പറഞ്ഞു. ഈ സ്‌കൂള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഉടന്‍ വിളിച്ചുകൂട്ടുമെന്ന് സി ഐ പറഞ്ഞു. പൂവാല ശല്യത്തെക്കുറിച്ച് പരാതി ഉള്ളവര്‍ക്ക് മേല്‍വിലാസം നല്‍കാതെ തന്നെ പോലീസിന് പരാതി അയക്കാമെന്നും ഇത് രഹസ്യമായി വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ പരിസരത്ത് വൈകുന്നേരങ്ങളില്‍ അനാവശ്യമായി പാര്‍ക്ക് ചെയ്യുന്ന ഇരുചക്രമുള്‍പ്പെടെയുള്ള വാഹനങ്ങളുടെ നമ്പറുകള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ ഉടമകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ വെള്ളിക്കോത്ത് ഹൈസ്‌ക്കൂളിന്റെ അച്ചടക്കം നഷ്ടപ്പെടുന്നതില്‍ രക്ഷിതാക്കളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. പെണ്‍കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇടവേളകളില്‍ വെള്ളിക്കോത്ത് ടൗണിലെ എസ് ടി ഡി ബൂത്തുകളിലെത്തുന്ന പെണ്‍കുട്ടികള്‍ അനാവശ്യമായി ഫോണ്‍വിളിയില്‍ ഏര്‍പ്പെടുന്നത് തടയാന്‍ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.

കഴിഞ്ഞ ദിവസം അതിരാവിലെ സ്‌കൂളിലെത്തിയ ഒരു വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് പരിചയക്കാരനായ വിദ്യാര്‍ത്ഥിയല്ലാത്ത ഒരു യുവാവ് ക്ലാസ്മുറിയില്‍ ആരുമില്ലാത്ത സമയത്ത് കയറി പെണ്‍കുട്ടിയോടൊപ്പം ഇരുന്ന് ശൃംഗരിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. സ്ഥിരമായി സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിനി സ്‌കൂള്‍ പരിസരത്ത് എത്തുമെങ്കിലും 5 ദിവസത്തോളം ക്ലാസ്സില്‍ കയറാത്ത സംഭവം നടന്നിരുന്നു. ഒടുവില്‍ ഇത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ച് അവരെ സംഭവം ധരിപ്പിക്കുകയുണ്ടായി. പൂവാലന്മാര്‍ക്കെതിരെ രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ ഇപ്പോഴത്തെ തീരുമാനം.

Keywords: Clash, Bellikoth, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia