city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുരന്ത സ്ഥലത്തെ രക്ഷാ പ്രവര്‍ത്തനം: ദുരന്ത നിവാരണ സേനയുടെ പ്രദര്‍ശനം കൗതുകമായി

കാസര്‍കോട്: ദേശീയ ദുരന്ത നിവാരണ സേന കാസര്‍കോട്ട് അവതരിപ്പിച്ച പ്രദര്‍ശനം കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഒപ്പം അറിവും ആനന്ദവും പകര്‍ന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് തിങ്കളാഴ്ച ദേശീയദുരന്ത നിവാരണ സേനയുടെ ആര്‍ക്കോണം ആസ്ഥാനമായ നാലാം ബറ്റാലിയന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സമൂഹ ബോധവല്‍ക്കരണവും തയ്യാറെടുപ്പ് മാര്‍ഗങ്ങളും അവതരിപ്പിച്ചത്.

ദുരന്തത്തിനിരയായി ശ്വാസവും ഹൃദയമിടിപ്പും നിലച്ച ഒരാളെ ദുരന്തം നടന്ന് നിമിഷങ്ങള്‍ക്കകം കണ്ടെത്തുകയാണെങ്കില്‍ ആ വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് ദുരന്ത നിവാരണസേന ബോധവല്‍ക്കരണത്തിലൂടെ തെളിയിച്ചു. ശരീര കോശങ്ങളില്‍ ഓക്‌സിജന്‍ സ്വീകരിക്കാനാവാതെ ക്ലിനിക്കല്‍ മരണം സംഭവിച്ചവരെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനാവുമെന്നും സേന പ്രദര്‍ശനത്തിലൂടെ ബോധ്യപ്പെടുത്തി.

ഹൃദയാഘാതം, വൈദ്യുതാഘാതം, ഇടിമിന്നല്‍ തുടങ്ങിയവയാല്‍ ജീവന്‍ അപകടമുണ്ടായാല്‍ കാര്‍ഡിയോ പള്‍മിനറി റസ്പിറേറ്ററി (സിപിആര്‍)മാര്‍ഗത്തിലൂടെ രക്ഷിക്കാനാവുമെന്ന് സേനയുടെ സബ് ഇന്‍സ്‌പെക്ടര്‍ റോജീഷ് തോമസ് ഉദാഹരണങ്ങള്‍ നിരത്തി വിശദീകരിച്ചു.

ദുരന്തത്തിനിരയായ ആളിന്റെ തോളില്‍തട്ടി പ്രതികരിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണം. പ്രതികരിക്കുന്നില്ലെങ്കില്‍ നിവര്‍ത്തിക്കിടത്തി തല ഉയര്‍ത്തിയും താടിഭാഗം താഴ്ത്തിയും ശ്വാസതടസം നീക്കുക. ശ്വാസഗതി പരിശോധിക്കുക. തുടര്‍ന്ന് തൂവാല മുഖത്തുവച്ച് കൃത്രിമ ശ്വാസോഛ്വാസം നല്‍കണം. അഞ്ച് സെക്കന്റ് ശ്വാസോഛ്വാസം നല്‍കിയ ശേഷം വേണം അടുത്ത കൃത്രിമ ശ്വാസം നല്‍കേണ്ടത്. തുടര്‍ന്ന് നാഡിമിടിപ്പ് പരിശോധിക്കണം. ഹൃദയസ്ഥാനത്ത് കൈകൊണ്ട് 30 തവണ താളത്തില്‍ അമര്‍ത്തുക. ഈ പ്രക്രിയ തുടരുകയും ശ്വാസവും ഹൃദയസ്പന്ദനവും തിരിച്ചുകിട്ടിയാലുടന്‍ അടുത്തുളള ആശുപത്രിയില്‍ വൈദ്യചികിത്സ ഉറപ്പു വരുത്തുകയും വേണം - അദ്ദേഹം ഉദാഹരണസഹിതം ആള്‍ക്കൂട്ടത്തിന് ബോധ്യപ്പെടുത്തി.

വന്‍ദുരന്ത സ്ഥലങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിക്കേറ്റവരെ എടുത്തുമാറ്റേണ്ട മാര്‍ഗ്ഗങ്ങള്‍ സേനാംഗം എം.ആര്‍.സുധാകരന്‍ പരിചയപ്പെടുത്തി. പിക്ക് എ ബാഗ്, ഫയര്‍മാന്‍ ലിഫ്റ്റ്,ഡബ്ബിള്‍ റസ്‌ക്യൂര്‍, ത്രീ ഹാന്റ്‌സ് സീറ്റ് രീതികളാണ് പരിയചപ്പെടുത്തിയത്. ദുരന്തത്തിനിരയായി പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിന് മുന്‍ഗണനാക്രമം സൂചിപ്പിക്കുന്ന ചുവപ്പ്, മഞ്ഞ, പച്ച, കറുപ്പ് റിബ്ബണ്‍ കെട്ടുന്ന െ്രെടജി രീതിയും അവതരിപ്പിച്ചു.

ഭക്ഷണമോ വസ്തുക്കളോ തൊണ്ടയില്‍ കുടുങ്ങിയാല്‍ കുട്ടികളേയും മുതിര്‍ന്നവരേയും രക്ഷിക്കാനുളള മാര്‍ഗങ്ങളും ദുരന്ത നിവാരണസേന പൊതുജനങ്ങള്‍ക്കും സ്റ്റുഡന്റ്‌സ് പോലീസിനും അഗ്‌നിശമന ജീവന്‍രക്ഷാ പ്രവര്‍ത്തകര്‍ക്കും പോലീസിനും പരിചയപ്പെടുത്തി.മുറിവില്‍ നിന്ന് രക്തം നിയന്തിക്കുന്നതിനുളള മാര്‍ഗങ്ങള്‍, അപകടത്തില്‍ വെളളത്തില്‍ മുങ്ങി താഴ്ന്നവരെ രക്ഷിക്കാനുളള രീതികള്‍ എന്നിവയും സേനാംഗങ്ങള്‍ പരിചയപ്പെടുത്തി.

മണ്ണിടിച്ചില്‍, സുനാമി, ഭൂകമ്പം, കൊടുങ്കാറ്റ്, പ്രളയം തുടങ്ങിയ ദുരന്തങ്ങളുണ്ടായാല്‍ നടത്തേണ്ട രക്ഷാ പ്രവര്‍ത്തനമാര്‍ഗങ്ങളും പ്രഥമ ചികിത്സാ സംവിധാനങ്ങളും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനുളള മാര്‍ഗങ്ങള്‍, കോണ്‍ക്രീറ്റും കട്ടികൂടിയ ലോഹങ്ങളും മുറിച്ചു മാറ്റുന്നതിനുളള ഉപകരണങ്ങള്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ ഉപയോഗിക്കുന്ന സ്‌കൂബസെറ്റ്, ആണവരാസജൈവറേഡിയോ ആക്ടീവ് ദുരന്തങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുളള സ്യൂട്ടുംപ്രത്യേക ഉപകരണങ്ങളും ഡിറ്റക്ടറുകളും സാമൂഹ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംഘം പ്രദര്‍ശിപ്പിച്ചു.

എന്‍ഡിഎഫ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ വര്‍മ്മയുടെ നേതൃത്വത്തിലുളള ഇരുപത്തി രണ്ടംഗ സേനയാണ് ജില്ലയില്‍ എത്തിയത്. പെരിയ നവോദയ സ്‌ക്കൂളില്‍ എന്‍സിസി ക്യാമ്പിനും പരിശീലനം നല്‍കി. മേയ്21 കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് പ്രദര്‍ശന ബോധവല്‍ക്കരണ പരിപാടി നടത്തും.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹിമാന്‍ ആമുഖപ്രഭാഷണം നടത്തി. എ.ഡി.എം. എച്ച്. ദിനേശന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, തഹസില്‍ദാര്‍ കെ. ശിവകുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ. അംബുജാക്ഷന്‍ എന്‍.ഡി.ആര്‍.എഫ്. സബ് ഇന്‍സ്‌പെക്ടര്‍ ഉമാശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു. എന്‍.ഡി.ആര്‍.എഫ് (ആര്‍ക്കോണം) ഫോണ്‍: 04177 246269.


 ദുരന്ത സ്ഥലത്തെ രക്ഷാ പ്രവര്‍ത്തനം: ദുരന്ത നിവാരണ സേനയുടെ പ്രദര്‍ശനം കൗതുകമായി
Keywords: NDRF, Programme, New bus stand, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia