തൃക്കരിപ്പൂരിലെ പേക്കടത്തും ഉദിനൂരിലും വ്യാപക അക്രമം: ക്ലബ്ബും വീടും വാഹനങ്ങളും തകര്‍ത്തു; 50 ഓളം പേര്‍ക്കെതിരെ കേസ്
May 12, 2015, 11:12 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12/05/2015) തൃക്കരിപ്പൂരിലെ പേക്കടത്തും ഉദിനൂരിലും വ്യാപകമായ അക്രമം. ക്ലബ്ബും വീടും വാഹനങ്ങളും തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളിലായി 50 ഓളം പേര്‍ക്കെതിരെ കേസെടുത്തു. മുഖംമൂടി സംഘത്തിന്റെ അക്രമത്തില്‍ നാല് യുവാക്കള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ചെയുമായാണ് അക്രമങ്ങള്‍ നടന്നത്.
ബി.ജെ.പി. നിയന്ത്രണത്തിലുള്ള പേക്കടത്തെ റൂം ബോയ്‌സ് ക്ലബ്ബിന് നേരെയാണ് തിങ്കളാഴ്ച രാത്രി അക്രമം നടന്നത്. നാല് ബൈക്കുകളിലായി എത്തിയ 12 ഓളം വരുന്ന സംഘം ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന എം. ജിതേഷ് (27), ടി. സുനില്‍ (25), കെ. സനേഷ് (26), ടി. രഞ്ജിത്ത് (26) എന്നിവരെ മാരകായുദ്ധങ്ങള്‍കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചതായാണ് പരാതി. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുമ്പ് വടി പൈപ്പ് തുടങ്ങിയവകൊണ്ടാണ് അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. സംഭവത്തില്‍ ജിതേഷിന്റെ പരാതില്‍ 12 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഈ സംഭവത്തിന് ശേഷം ബി.ജെ.പി. പ്രവര്‍ത്തകന്‍ പി. പുഷ്പരാജിന്റെ വീടിന് നേരെ അക്രമണം നടന്നു. നാല് ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. സംഭവത്തില്‍ പുഷ്പരാജിന്റെ സഹോദരന്‍ ബാബുരാജിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു. വീട് തകര്‍ത്തതില്‍ 25,000 രൂപയുടെ നഷ്ടം സംഭവിച്ചു.
ഇതിന് ശേഷം പള്ളിക്ക് സമീപത്തെ വിവാഹം നടക്കുന്ന എം.സി. മുഹമ്മദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജനറേറ്റര്‍ വെച്ച ടെമ്പോ ലോറിയുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് ഉദിനൂരിലെ ബി.കെ. ഹാഷിമിന്റെ കെ.എല്‍. 59 എഫ് 4676 നമ്പര്‍ സ്വിഫ്റ്റ് കാര്‍ അടിച്ചുതകര്‍ത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ ഉദിനൂരിലും പേക്കടത്തും നീലേശ്വരം സി.ഐ. കെ.ഇ. പ്രമേരാജന്‍, ചന്തേര എസ്.ഐ. പി.വി. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എന്നിവരും രാത്രിതന്നെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Keywords : Attack, Trikaripur, Case, Injured, Kasaragod, Kerala, Glass, Club, Clash in Trikaripur.
Advertisement:
Advertisement: