city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രോളിംഗ് നിരോധനം 14 മുതല്‍, പരമ്പരാഗത തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താം

കാസര്‍കോട്: (www.kasargodvartha.com 08/06/2015) മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി കേരളത്തിന്റെ തീരക്കടലില്‍ ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രിവരെ ട്രോളിംഗ് മുഖേനയുളള എല്ലാത്തരം മത്സ്യബന്ധനങ്ങളും നിരോധിച്ചു കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് ഫലപ്രദമായി നടപ്പാക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെയും ഉദ്യോഗസ്ഥന്‍മാരുടെയും പോലീസിന്റെയും യോഗം തീരുമാനിച്ചു. ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറുകളിലെ അനുബന്ധത്തൊഴിലാളികള്‍ക്കും , പീലിങ്ങ് തൊഴിലാളികള്‍ക്കും ഈ കാലയളവില്‍ സൗജന്യറേഷന്‍ അനുവദിക്കും.

എ ഡി എം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു.  ഫിഷറീസ് ഡെപ്യൂട്ടി  ഡയറക്ടര്‍ ഡോ. കെ. പത്മനാഭന്‍ ട്രോളിംഗ് നിരോധന നടപടികള്‍ വിശദീകരിച്ചു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി കെ.എം.എഫ് .ആര്‍ ആക്ട് പകാരം കേരളത്തിന്റെ തീരക്കടലില്‍ ജൂണ്‍ 14 അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 അര്‍ദ്ധരാത്രി വരെ 47 ദിവസമാണ് ട്രോളിംഗ് മുഖേനയുളള എല്ലാത്തരം മത്സ്യബന്ധനങ്ങളും സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനവും   നിരോധിച്ചിട്ടുണ്ട്. രണ്ട് വളളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ ട്രോളിംഗും ഈ  കാലയളവില്‍ നിരോധിച്ചിട്ടുണ്ട്.

കേരള തീരത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് എഞ്ചിന്റെ കുതിരശക്തി  കണക്കാക്കാതെ തന്നെ ഉപരിതലമത്സ്യബന്ധനം ഈ കാലയളവില്‍ നടത്താം.   നിരോധനം ലംഘിക്കുന്ന  മത്സ്യബന്ധന  ബോട്ടുകളും  വളളങ്ങളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ  ഉപയോഗിച്ച് പിടിച്ചെടുക്കും.  ട്രോളിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന  അന്യസംസ്ഥാന  ബോട്ടുകള്‍  ജൂണ്‍ 14ന് മുമ്പ് കേരളതീരം വിട്ടുപോകണം.   14ന് ശേഷം  ഒരു കാരണവശാലും  ഇവയെ കടലില്‍ ഇറക്കുന്നതിന് അനുവദിക്കുന്നതല്ല. ജില്ലാ കളക്ടറാണ് ട്രോളിംഗ്  നിരോധനം നടപ്പാക്കുന്നതിന്റെ  നോഡല്‍ ഓഫീസര്‍.

തീരപ്രദേശത്തുളള ഡീസല്‍ ബങ്കുകള്‍ ഈ കാലയളവില്‍ പ്രവര്‍ത്തിപ്പിക്കാനും ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കാനും പാടില്ല.  കടല്‍ പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനത്തിനുമായി  ജില്ലയില്‍  ഒരു മെക്കനൈസ്ഡ് ബോട്ടും ഒരു ഫൈബര്‍ വളളവും  സജ്ജമാക്കും.  ബോട്ടുകളിലെയും വളളങ്ങളിലെയും  തൊഴിലാളികള്‍ക്ക് പുറമെ പരിശീലനം  ലഭിച്ച സുരക്ഷാഭടന്‍മാരെ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്  നിയോഗിക്കും. അടിയന്തിര ഘട്ടങ്ങളില്‍  കോസ്റ്റ് ഗാര്‍ഡ്,നേവി, എന്നിവരുടെ  സഹായം ലഭ്യമാക്കുന്നതാണ്. കോസ്റ്റ് ഗാര്‍ഡിന്റെ ടോള്‍ഫ്രീ നമ്പര്‍ 1554 ഉപയോഗിക്കാവുന്നതാണ്.

ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് മെയ്  15 മുതല്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമുകളിലും  ജില്ലാ ആസ്ഥാനങ്ങളിലും  താലൂക്ക് ഓഫീസുകളിലും  പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍  റൂമിലും അപകട വിവരങ്ങള്‍   റിപ്പോര്‍ട്ട് ചെയ്യാം. മത്സ്യത്തൊഴിലാളികള്‍ കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് പ്രക്ഷുബ്ധ കാലാവസ്ഥയില്‍ കടലില്‍പോകരുത്.  മത്സ്യത്തൊഴിലാളികള്‍  മതിയായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ലൈഫ്ജാക്കറ്റ്,  ആവശ്യമായ അളവില്‍ ഇന്ധനം, ടൂള്‍ കിറ്റ് എന്നിവ വളളങ്ങളില്‍  കരുതണം. വളളത്തില്‍  മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളെക്കുറിച്ചുളള പൂര്‍ണ്ണവിവരങ്ങള്‍  ഉടമകള്‍ സൂക്ഷിക്കേണ്ടതാണ്. അടിയന്തിര ഘട്ടങ്ങളില്‍  ദുരന്തനിവാരണ സമിതി, റവന്യൂ, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റ്  പോര്‍ട്ട്, മറ്റ് ബന്ധപ്പെട്ട  വകുപ്പുകള്‍, തദ്ദേശിയരായ മത്സ്യത്തൊഴിലാളികള്‍ എന്നിവരെ ഏകോപിപ്പിച്ച്  രക്ഷാപ്രവര്‍ത്തനം നടത്തും.
 
യന്ത്രവത്കൃത ബോട്ടുകളിലാണ്  ട്രോള്‍ നെറ്റുകള്‍   ഉപയോഗിച്ചുവരുന്നത് . കേരള സര്‍ക്കാറിന്റെ നിയന്ത്രണാതിര്‍ത്തിക്ക്  പുറത്തുളള ആഴക്കടലില്‍ എല്ലാ തരത്തിലുമുളള   മത്സ്യബന്ധനവും ഈ കാലയളവില്‍ നിരോധിച്ചിട്ടുണ്ട് . ജില്ലയില്‍ ആകെ 120 യന്ത്രവത്കൃത ബോട്ടുകളും  1694 യന്ത്രവത്കൃത വളളങ്ങളും  60 യന്ത്രം ഘടിപ്പിച്ചിട്ടില്ലാത്ത വളളങ്ങളുമാണ്  രജിസ്റ്റര്‍ ചെയ്തിട്ടുളളത്. തീരദേശത്തെ മണലെടുപ്പ് തടയാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ  പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്ന് എ ഡി എം അറിയിച്ചു.

യോഗത്തില്‍  ആര്‍ഡിഒ യുടെ  ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ നായര്‍, മത്സ്യഫെഡ് ജില്ലാ  മാനേജര്‍ കെ  വനജ  മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ  ആര്‍. ഗംഗാധരന്‍ അഡ്വ. യു.എസ് ബാലന്‍, എസ്.പി സോമന്‍, കാറ്റാടി സുകുമാരന്‍, പി, സാമിക്കുട്ടി, കെ.എംസി ഇബ്രാഹിം, എം. മുസ്തഫ, കെ.എസ് അനന്തന്‍, കെ.എ മാധവന്‍, , ഡയറക്ടര്‍ വി.ആര്‍ വിദ്യാസാഗര്‍, ഡി വൈ എസ് പി  കെ. ദാമോദരന്‍, തീരദേശ പോലീസ് ഇന്‍സ്‌പെക്ടര്‍ സി. കെ സുനില്‍കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്  എ എം പ്രദീപ് കുമാര്‍, കാസര്‍കോട് തഹസില്‍ദാര്‍ കെ. അബുജാക്ഷന്‍, ഹോസ്ദൂര്‍ഗ്ഗ്  ഡെപ്യൂട്ടി തഹസില്‍ദാര്‍ രത്‌നാകരന്‍, തീരദേശ പോലീസ് സ്റ്റേഷനിലെ  സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഫിഷറീസ്  ഉദ്യോഗസ്ഥര്‍,  പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജിനേഷ് മടങ്കര എന്നിവര്‍ സംബന്ധിച്ചു. ഫിഷറീസ് അസി. ഡയറക്ടര്‍  കെ അജിത നന്ദി പറഞ്ഞു.
ട്രോളിംഗ് നിരോധനം 14 മുതല്‍, പരമ്പരാഗത തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Fisher-workers,  Sea,  Trawling. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia