ട്രെയിനില്‍ വീണ്ടും അവര്‍ അടിതുടങ്ങി; പോലീസിന് പണിയായി
Jun 24, 2015, 13:38 IST
ഉപ്പള: (www.kasargodvartha.com 24/06/2015) മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സ്ഥിരം കലാപരിപാടിയായ അടി വീണ്ടും തുടങ്ങി. ഇതേ തുടര്‍ന്ന് ട്രെയിനില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി. മഞ്ചേശ്വരം പോലീസിന് നിര്‍ദേശം നല്‍കി.
Keywords : Uppala, Train, Kasaragod, Police, Students, Protest, Clash, Clash in train.
ചൊവ്വാഴ്ച വൈകിട്ട് മംഗലാപുരം പാസഞ്ചറില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പെടുകയായിരുന്നു. ട്രെയിന്‍ ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴും പൊരിഞ്ഞ അടിയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ചേരിതിരിഞ്ഞ് അടിയിലേര്‍പെട്ടവര്‍ കടന്നുകളഞ്ഞു. ഇതേതുടര്‍ന്ന് ബുധനാഴ്ച മുതല്‍ കൂടുതല്‍ പോലീസിനെ ട്രെയിനില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
ഇപ്പോള്‍ രണ്ട് പോലീസുകാരാണ് മഞ്ചേശ്വരം മുതല്‍ കാസര്‍കോട് വരെ ട്രെയിനില്‍ അടിതടയാന്‍ ഡ്യൂട്ടിയിലുള്ളത്. ഇതുകൂടാതെയാണ് കൂടുതല്‍ പോലീസിനെ ട്രെയിനില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. മംഗലാപുരത്തെ വിവിധ കോളജുകളിലും ഇന്‍സിറ്റിറ്റിയൂട്ടുകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്ഥിരമായി വൈകിട്ടത്തെ പാസഞ്ചര്‍ ട്രെയിനില്‍ അടിയുണ്ടാക്കുന്നത്.
മംഗലാപുരം വിട്ട് ഉള്ളാള്‍ കഴിഞ്ഞാണ് കമ്പാര്‍ട്ട്‌മെന്റില്‍ ഗ്യാംങായി തിരിഞ്ഞ് വിദ്യാര്‍ത്ഥികള്‍ അടികൂടുന്നത്. ചിലപ്പോള്‍ ഇത് കാസര്‍കോട് വരെ നീണ്ടുനില്‍ക്കും. ചിലത് ഉപ്പളയില്‍ അവസാനിക്കും. ട്രെയിനിലെ മറ്റു യാത്രക്കാര്‍ക്ക് വിദ്യാര്‍ത്ഥികളുടെ അടി ശല്യമായി തീര്‍ന്നിരിക്കുകയാണെന്നാണ് പരാതി. കാസര്‍കോട് ജില്ലയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് മംഗലാപുരത്ത് പഠിക്കുന്നത്.
Keywords : Uppala, Train, Kasaragod, Police, Students, Protest, Clash, Clash in train.