''ഛോഡ് ദോ... ഛോഡ് ദോ...ഷവര്‍മ ഛോഡ് ദോ..''
Aug 6, 2012, 11:25 IST
കാഞ്ഞിരപ്പൊയില്‍: ''ഛോഡ് ദോ... ഛോഡ് ദോ...ഷവര്‍മ ഛോഡ് ദോ..'' കയ്യില്‍ പ്ലക്കാര്‍ഡുകളുമേന്തി ഒരു സംഘം കുട്ടികള്‍ ഹിന്ദിയില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്‌റ്റേജിലൂടെ നടന്നു നീങ്ങിയപ്പോള്‍ ഹിന്ദി അറിയാത്ത നാലാം ക്ലാസ്സുകാര്‍ക്കും സംഗതി പിടി കിട്ടി.തൊട്ടു മുമ്പ് നാടകത്തിലെ ഒരു കുട്ടി പിടഞ്ഞുവീണത് ഷവര്‍മ കഴിച്ചതുകൊണ്ടാണെന്ന് ഇപ്പൊള്‍ അവര്‍ക്കു വ്യക്തമായി. അതുകൊണ്ടാണല്ലോ അവളുടെ കൂട്ടുകാരികള്‍ 'ഷവര്‍മ ഉപേക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി പ്രതിഷേധം സംഘടിപ്പിച്ചത്.
യു.പി ക്ലാസ്സുകളിലെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ സമകാലിക സംഭവങ്ങളുമായി കൂട്ടി യോജിപ്പിച്ച് കാഞ്ഞിരപ്പൊയില്‍ ഗവ: യു.പി.സ്‌കൂളിലെ ഹിന്ദി ക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പം പ്രമേയത്തിലെ കാലിക പ്രസക്തികൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും ഏറെ ശ്രദ്ധേയമായി.
പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ പ്രേംചന്ദിന്റെ ജന്മദിനത്തില്‍ സ്‌കൂളിലെ ഹിന്ദി ക്ലബ്ബായ 'പ്രേംചന്ദ് ഹിന്ദി മംചി'ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറിയത്. സ്‌കൂളിലെ ഹിന്ദി അധ്യാപകനായ ഹരിനാരായണന്‍ മാഷാണ് സംഗീതശില്‍പ്പത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
പൂത്തക്കാല്‍ ഗവ യു.പി സ്‌കൂളിലെ ഹിന്ദി അധ്യാപകനായ സെബാസ്റ്റ്യന്‍ 'ഹിന്ദി മംച്' ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ അധ്യക്ഷനായിരുന്നു. അധ്യാപകരായ നന്ദകുമാര്‍.എ.സി, വിനോദ്കുമാര്‍.പി.വി, രാകേഷ്. കെ, ടീച്ചര്‍ ട്രെയിനിയായ ജിനിഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ സുഗമ ഹിന്ദി പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റുകളും പി.ടി.എ.പ്രസിഡണ്ട് എം.രാജന്‍ വിതരണം ചെയ്തു.
Keywords: Drama, Shavarmma, Kanhirapoyil UP School, Kasaragod