ചെങ്കള പഞ്ചായത്തിന് 20 കോടി രൂപയുടെ ബജറ്റ്
Mar 29, 2012, 22:42 IST

ചെര്‍ക്കള: ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനത്തിനും മാലിന്യ സംസ്കരണത്തിനും അടിസ്ഥാന വികസനത്തിനും ഊന്നല്‍ നല്‍കി 19,89,09,327 രൂപ വരവും 19,43,14,500 രൂപ ചെലവും 45,94,827 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2012-13 വര്‍ഷത്തെ ചെങ്കള ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡണ്ട് ഖദീജ മഹമൂദ് അവതരിപ്പിച്ചു. പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ചു. ജില്ലാ ആസ്ഥാനം നിലകൊള്ളുന്നതും കാസര്‍കോട് നഗരസഭയോട് തൊട്ടുകിടക്കുന്നതുമായ ചെങ്കള പഞ്ചായത്ത് ജനസംഖ്യാപരമായും ഭൂമിശാസ്ത്ര പരമായും ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണ്. പഞ്ചായത്തിന്റെ സര്‍വ്വതോന്മുഖമായ അഭിവൃദ്ധിയും പുരോഗതിയും സമ്പൂര്‍ണ വികസനവും ലക്ഷ്യമിട്ട് ജനക്ഷേമകരവും ജനോപകാരപ്രദവുമായ വികസന ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി മര്‍മ്മ പ്രധാന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
12-ാം പഞ്ചവത്സര പദ്ധതിക്ക്ആരംഭം കുറിക്കുന്ന ഈ പദ്ധതി വര്‍ഷം നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയിലൂടെ കാര്‍ഷിക മേഖലയുടെ വികസനത്തിനും ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തി കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് 50 ലക്ഷം രൂപ വിനിയോഗിക്കും. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനത്തിന് ചെര്‍ക്കള, നെല്ലിക്കട്ട എന്നിവിടങ്ങളില്‍ പത്ത് ലക്ഷം രൂപ മുടക്കി ചന്ത ആരംഭിക്കും.
വിവിധ സര്‍ക്കാര്‍ പദ്ധതികളെ ഏകോപിപ്പിച്ച് ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജന പദ്ധതി 40 ലക്ഷം രൂപ ചെലവഴിച്ച് കാര്യക്ഷമമാക്കും. 23 ലക്ഷം രൂപ ചെലവഴിച്ച് ചെര്‍ക്കളയില്‍ നിര്‍മ്മിക്കുന്ന മാലിന്യ സംസ്കരണ പ്ളാന്റിന്റെ പണി പൂര്‍ത്തീകരിക്കും. അമ്പത് ലക്ഷം രൂപ ചെലവഴിച്ച് നായമ്മാര്‍മൂലയിലും നെല്ലിക്കട്ടയിലും പുതിയ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കും. പരിസര മലിനീകരണത്തിലൂടെ പാരിസ്ഥിതിക തകര്‍ച്ച നേരിടുന്ന പ്ളാസ്റിക് വസ്തുക്കളുടെ നിര്‍മ്മാര്‍ജ്ജനത്തിന് ചെര്‍ക്കളയില്‍ പ്ളാസ്റിക് സംസ്കരണ പ്ളാന്റ് സ്ഥാപിച്ച് പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്താക്കും.
വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ റൈറ്റ് ഓഫ് എജ്യുക്കേഷന്‍ പദ്ധതിക്കാവശ്യമായ നടപടി സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് ക്ളാസുകളും കോച്ചിംഗ് ക്ളാസുകളും സംഘടിപ്പിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ അടിസ്ഥാന സൌകര്യം സമ്പൂര്‍ണമാക്കും. കുടുംബശ്രീ പദ്ധതിയിലൂടെ സ്ത്രീ ശാക്തീകരണം ശക്തമാക്കും. കൂടുതല്‍ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കും.
ചെര്‍ക്കള പി.എച്ച്.സി.ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കും. നബാര്‍ഡിന്റെ സഹകരണത്തോടെ ഒരു കോടി രൂപയുടെ കെട്ടിടം നിര്‍മ്മിക്കും. പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അംഗന്‍വാടികളുടെയും അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് അമ്പത് ലക്ഷം രൂപയും റോഡ് വികസനത്തിന് ഒരു കോടി 25 ലക്ഷം രൂപയും വിനിയോഗിക്കും. ഓട്ടക്കടവ് പാലം നിര്‍മ്മിക്കുന്നതിനും അണക്കെട്ട് പുനരുദ്ധരിക്കുന്നതിനും നടപടി സ്വീകരിക്കും.
Keywords: Chengala, Panchayath, Budjet, Kasaragod