ക്ഷേത്രകവര്‍ച്ചാ കേസില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടു പേര് അറസ്റ്റില്‍
Aug 17, 2012, 14:55 IST

കാസര്‍കോട്: ക്ഷേത്രകവര്‍ച്ചാ കേസില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടു പേരെ കാസര്‍കോട് സി.ഐ. ബാബു പെരിങ്ങേത്തും സംഘവും അറസ്റ്റ് ചെയ്തു.
കോട്ടയം പൂഞ്ഞാര്‍ പെരിങ്ങളത്തെ പുളിക്കല്‍ ഹൗസില്‍ ബാബു കുര്യാക്കോസ്(58), കാസര്‍കോട് കുഡ്ലു പച്ചക്കാട്ടെ ചോമന് എന്ന സോമന്(54) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് ചക്കര ബസാറില്‍ മൈഫോണ്സ് ഇലക്ട്രോണിക്സ് (My Phones Electronics) കട കുത്തി തുറക്കാനുള്ള ശ്രമത്തിനിടയില്‍ ബാബു കുര്യാക്കോസിനെ പട്രോളിംഗ് നടത്തുകയായിരുന്ന സി.ഐയും സംഘവും പിടികൂടിയതോടെയാണ് നിരവധി കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പായത്.
ബാബുവില്‍ നിന്നും ചുറ്റിക, ആക്സോബ്ലേഡ്, കമ്പിപ്പാര തുടങ്ങിയ മാരകായുധങ്ങളും പിടികൂടിയിരുന്നു. ബാബുവിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുമ്പള ഇച്ചിലങ്കോട് മഹാഗണപതി വിഷ്ണു ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കവര്‍ച്ച ചെയ്തതായി വ്യക്തമായി. 2012 മെയ് ആറിനാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയത്. കവര്‍ച്ചാമുതലുകള്‍ വാങ്ങിയത് കുഡ്ലുവിലെ സോമനാണ്. സോമനില്‍ നിന്നും ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു.

Keywords: Temple, Case, Arrest, Theft, Police, Kasaragod, Kerala