ക്രൈസ്തവര്‍ കുരുത്തോല പെരുന്നാള്‍ ആഘോഷിച്ചു
Apr 1, 2012, 22:13 IST
![]() |
തൃക്കരിപ്പൂര്‍ സെന്റ്പോള്‍സ് ഇടവക പള്ളിയില്‍ ഓശാന ഞായറിന്റെ ഭാഗമായി നടന്ന കുരുത്തോല പ്രദക്ഷിണം |
തൃക്കരിപ്പൂര്‍: ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഓശാന ഞായറായ ഇന്നലെ കുരുത്തോല പെരുന്നാള്‍ ആഘോഷിച്ചു. ജില്ലയിലെ എല്ലാ ക്രിസ്തീയ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പു യേശുക്രിസ്തു ജറൂസലമിലേക്കു വന്നപ്പോള്‍ ഒലീവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ചു ജനം ഓശാന പാടി വരവേറ്റതിന്റെ പ്രതീകമായിട്ടാണ് ഓശാന ഞായര്‍ ആഘോഷിക്കുന്നത്.
തൃക്കരിപ്പൂര്‍ സെന്റ്പോള്‍സ് ഇടവക പള്ളിയില്‍ ഇന്നലെ ഉര്‍സുലൈന്‍ കോണ്‍വെന്റ് പരിസരത്തുനിന്നുമാരംഭിച്ച കുരുത്തോല പ്രദക്ഷിണം തൃക്കരിപ്പൂര്‍ ടൌണ്‍ചുറ്റി പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന തിരുകര്‍മങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോസഫ് ലിവേര കാര്‍മികനായിരുന്നു. നൂറുകണക്കിനാളുകള്‍ കുരുത്തോലയുമേന്തി പ്രദക്ഷിണത്തില്‍ അണിനിരന്നു. പിലിക്കോട് സെന്റ്മേരീസ് ഇടവക പള്ളിയില്‍ രാവിലെ അല്‍ഫോണ്‍സാ കോളനിയില്‍നിന്നും കുരുത്തോല പ്രദക്ഷിണവും തുടര്‍ന്ന് പള്ളിയില്‍ തിരുകര്‍മങ്ങളും നടന്നു. ഇടവക വികാരി ഫാ. ജോസ് തകരപ്പിള്ളില്‍ കാര്‍മികത്വം വഹിച്ചു. കാസര്‍കോട് വ്യാകുലമാതാ ദേവാലയത്തിലും, കോട്ടക്കണ്ണി റോഡിലുള്ള സെന്റ് ജോസഫ് പള്ളിയിലും പ്രാര്‍ത്ഥനയ്ക്കായി നിരവധി വിശ്വാസികള്‍ സംബന്ധിച്ചു.
തുടര്‍ന്ന് കുരുത്തോല പ്രദക്ഷിണം നടന്നു. വ്യാകുല മാതാ ദേവാലയത്തില്‍ ഇടവക വികാരി ഫാദര്‍ നവീന്‍ പ്രകാശ് ഡിസൂസ, ഫാദര്‍ ബിജു എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സെന്റ് ജോസഫ് പള്ളിയില്‍ ദിവ്യബലി പ്രാര്‍ത്ഥനക്ക് ഫാദര്‍ ആന്റണി പുന്നൂര്‍ കാര്‍മ്മികത്വം വഹിച്ചു. ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴവും പീഢാനുഭവ യാത്ര സ്മരിക്കുന്ന ദുഃഖവെളളിയും ഉയര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുന്ന ഈസ്റര്‍ ഞായറാഴ്ചയാണ്.
Keywords: Kuruthola Perunnal, Celebrate, Trikaripur, Kasaragod