city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍ഗ്രസ് നേതാവിന്റെ മരണ ദിവസം ക്ലബ്ബ് ഉദ്ഘാടനം നടത്തിയത് വിവാദമായി

കോണ്‍ഗ്രസ് നേതാവിന്റെ മരണ ദിവസം ക്ലബ്ബ് ഉദ്ഘാടനം നടത്തിയത് വിവാദമായി
പടന്ന: ഏഴ് പതിറ്റാണ്ടുകാലം പടന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന സി എച്ച് ഹസൈനാര്‍ ഹാജി മരണപ്പെട്ട ദിവസം പടന്ന വടക്കേപ്പുറത്ത് പഞ്ചാരി മേളം നടത്തിയും പടക്കം പൊട്ടിച്ചും കോണ്‍ഗ്രസ് ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങ് നടത്തിയത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായി.
കെ പി സി സി സെക്രട്ടറിയായിരുന്ന മേലത്ത് നമ്പ്യാര്‍ക്കെതിരെ അവിഭക്ത കണ്ണൂര്‍ ഡി സി സിയിലേക്ക് മത്സരിച്ച് വിജയിക്കുകയും പടന്നയിലും പരിസരങ്ങളിലും കോണ്‍ഗ്രസിന്റെ ജനകീയ മുഖമായി ധിഷിണാപരമായ നേതൃത്വം നല്‍കുകയും ചെയ്ത സി എച്ച് ഹസൈനാര്‍ ഞായറാഴ്ചയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഏതാനും മീറ്റര്‍ അകലെയുള്ള വടക്കേപ്പുറത്തെ കോണ്‍ഗ്രസ് ക്ലബ്ബായ സജ്ഞയന്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ കെട്ടിടം ഞായറാഴ്ച വൈകിട്ട് 4 ന് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ചെന്നിത്തലയും എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയുമടക്കമുള്ള നേതാക്കളെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ നടത്തിയത്. മുത്തുക്കുടകളും ചെണ്ടവാദ്യവും വന്‍ കതിന വെടിക്കെട്ടുകളും ഒരുക്കി നേതാക്കളെ വരവേല്‍ക്കാന്‍ നില്‍ക്കുന്നതിനിടെയാണ് സി എച്ച് ഹസൈനാര്‍ ഹാജിയുടെ വിയോഗ വാര്‍ത്ത എത്തുന്നത്. പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമൊക്കെയായിരുന്ന സി എച്ച് മരണപ്പെടുന്നതിന്റെ തലേ ദിവസവും വാര്‍ഡ് കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ സജീവമായിരുന്നു.
പടന്നയില്‍ മുസ്‌ലിം ലീഗിനോടും സി പി എമ്മിനോടും ഒരു പോലെ പടപൊരുതിയാണ് സി എച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തനം കെട്ടിപ്പടുത്തത്.
ക്ലബ്ബ് കെട്ടിടോദ്ഘാടനമടക്കമുള്ള വിവിധ പരിപാടികള്‍ക്ക് ഞായറാഴ്ച രാവിലെ കാസര്‍കോട്ട് വണ്ടിയിറങ്ങിയ ചെന്നിത്തല വൈകിട്ട് പനത്തടിയില്‍ നിന്നും ചെറുവത്തൂരിലേക്ക് പുറപ്പെടുന്നതിനിടെയാണ് വിയോഗ വാര്‍ത്ത അറിഞ്ഞത്. ക്ലബ്ബ് ഉദ്ഘാടന പരിപാടി റദ്ദാക്കി ചെന്നിത്തല പയ്യന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തു.
സി എച്ചിനെ പോലൊരു നേതാവ് മരിച്ച് കിടക്കുമ്പോള്‍ ഉദ്ഘാടന ആഘോഷം മാറ്റിവെക്കണമെന്ന് നേതാക്കളും പ്രവര്‍ത്തകരും ഒരു പോലെ ആവശ്യപ്പെട്ടിട്ടും സംഘാടകര്‍ വഴങ്ങിയില്ല. ഇതിനിടെ സ്ഥലത്തെത്തിയ അബ്ദുള്ളക്കുട്ടിയെ കൊണ്ട് ക്ലബ്ബിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിപ്പിച്ചു. തുടര്‍ന്ന് അബ്ദുള്ളക്കുട്ടി പ്രസംഗം ആരംഭിച്ച ഉടന്‍ വന്‍ കതിന വെടികള്‍ പൊട്ടുകയും ചെയ്തു. കെ പി സി സി പ്രസിഡണ്ടിനോടൊപ്പമുണ്ടായിരുന്ന ഡി സി സി പ്രസിഡണ്ട് കെ വെളുത്തമ്പു ചെന്നിത്തലയെ പയ്യന്നൂരില്‍ യാത്രയയച്ച ശേഷം വൈകിട്ടോടെ സി എച്ച് ഹസൈനാറിന്റെ വസതിയിലെത്തി. ഇതേ സമയം ക്ലബ്ബ് ഉദ്ഘാടന ചടങ്ങ് കഴിഞ്ഞെത്തിയ ക്ലബ്ബ് കെട്ടിട നിര്‍മ്മാണ കമ്മിറ്റി ഭാരവാഹിയായ ഡി സി സി സെക്രട്ടറി കെ പി സി സി പ്രസിഡണ്ടിനെ ചടങ്ങില്‍ നിന്നും ബോധപൂര്‍വ്വം മാറ്റിയെന്ന് ആരോപിച്ച് വെളുത്തമ്പുവിനോട് പരസ്യമായി കൊമ്പുകോര്‍ത്തു.
മരണ വീട്ടില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഡി സി സി പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും വാക്ക് പയറ്റ്. സി എച്ചിനോട് കാണിച്ച അനാദരവ് പടന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പുകഞ്ഞ് തുടങ്ങിയിട്ടുണ്ട്.



Keywords: Kasaragod, Padanna, Congress, Inaugration, Club

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia