city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുറ്റിക്കോല്‍ സ്‌കൂളില്‍ സാമ്പത്തിക തിരിമറിയെന്ന് ആരോപണം, വിവരാവകാശ പ്രവര്‍ത്തകന് നല്‍കിയത് തെറ്റായ മറുപടി

കുറ്റിക്കോല്‍: (www.kasargodvartha.com 15/02/2016) കുറ്റിക്കോല്‍ എയുപി സ്‌കൂളിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടും വിവരാവകാശ ചോദ്യത്തിന് തെറ്റായ മറുപടി നല്‍കിയതിനുമെതിരെ വിവരാവകാശ കമ്മീഷനും ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. കുറ്റിക്കോല്‍ ഒറ്റമാവുങ്കാല്‍ സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ മാര്‍ട്ടിന്‍ എബ്രഹാമാണ് പരാതി നല്‍കിയത്.

സ്‌കൂളിലെ പ്രധാനാധ്യാപകന് 2005 ലെ വിവരാവകാശ നിയമപ്രകാരം ചോദ്യാവലി നല്‍കിയെങ്കിലും 30 ദിവസത്തിനുള്ളില്‍ പ്രധാനാധ്യാപകനില്‍നിന്നും ഉത്തരങ്ങള്‍ ലഭിച്ചില്ല. ഇതേതുടര്‍ന്ന് കാസര്‍കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും അവിടെ നിന്നും ലഭിച്ച വിവരങ്ങള്‍ അപൂര്‍ണവും തെറ്റായിട്ടുള്ളതുമാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കുറ്റിക്കോല്‍ സ്‌കൂളിലെ പിടിഎ അംഗങ്ങളുടെ പേരും അഡ്രസും ഫോണ്‍ നമ്പരും ആവശ്യപ്പെട്ടെങ്കിലും പേര് മാത്രമാണ് നല്‍കിയത്. അതില്‍തന്നെ പിടിഎ എക്‌സിക്യൂട്ടീവ് അംഗമല്ലാത്ത ഒരാളെ അംഗമായി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ അധ്യയനവര്‍ഷം പിടിഎ ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ലെന്നാണ് വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുള്ളത്.

ചട്ടപ്രകാരം പ്രധാനാധ്യാപകന് കയ്യില്‍ സൂക്ഷിക്കാവുന്ന പരമാവധി തുക 1000 രൂപ മാത്രമാണെന്നിരിക്കെ ഇത്രയും തുക കയ്യില്‍ സൂക്ഷിച്ചത് ചട്ടലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം 200 രൂപയായിരുന്നു പിടിഎ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷം അത് 250 രൂപയായി വര്‍ധിപ്പിച്ചു. എന്നാല്‍ ഈ വര്‍ഷം പിടിഎ ഫണ്ട് പിരിക്കുന്നതിനോ ഫണ്ടിലേക്കുള്ള സംഭാവന തുക വര്‍ധിപ്പിക്കുന്നതിനോ പിടിഎ ജനറല്‍ ബോഡി യോഗമോ എക്‌സിക്യൂട്ടീവ് യോഗമോ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പ്രധാനാധ്യാപകന്‍ സ്വന്തം ഇഷ്ടപ്രകാരം കുട്ടികളില്‍ നിന്നും സംഭാവന കൂടിയ നിരക്കില്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആക്ഷേപം.

എട്ട് പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നാലുപേര്‍ പിടിഎ ഫണ്ടിലേക്ക് സംഭാവന നല്‍കിയിട്ടില്ലെന്നും വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു. പിടിഎ ഫണ്ടിലേക്ക് ലഭിച്ച സംഭാവന ബാങ്കില്‍ നിക്ഷേപിക്കുന്നതിനോ, ബാങ്കില്‍നിന്നും പിന്‍വലിക്കുന്നതിനോ ഫണ്ട് എങ്ങനെ ചെലവഴിക്കണമെന്നത് സംബന്ധിച്ചോ പിടിഎ എക്‌സിക്യൂട്ടീവ് യോഗം കഴിഞ്ഞ അധ്യയന വര്‍ഷം യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും പിടിഎ ഫണ്ട് ഓഡിറ്റ് ചെയ്തത് അതിന് അര്‍ഹതയില്ലാത്തവരാണെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.

ഓഡിറ്റര്‍മാര്‍ കുട്ടികളുടെ രക്ഷിതാക്കളായിരിക്കണമെന്ന് നിയമമുണ്ടെങ്കിലും രണ്ട് ഓഡിറ്റര്‍മാരുടേയും മക്കള്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അല്ല. വിദ്യാലയത്തില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കുന്നില്ലെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. എന്നാല്‍ കുട്ടികളില്‍നിന്നും കഴിഞ്ഞ അധ്യയന വര്‍ഷം 300 രൂപവീതം രസീത് നല്‍കാതെ വാങ്ങിയെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. എസ്.ടി കുട്ടികളുടെ സ്‌റ്റൈപന്റ് വിതരണം ചെയ്ത അവസരത്തില്‍ വര്‍ഷാദ്യം തന്നെ 300 രൂപ പിരിച്ചിരുന്നു. ഒരു ലക്ഷത്തോളം വരുന്ന ഈ പണവും ഒരു അക്കൗണ്ടിലും നിക്ഷേപിച്ചിട്ടില്ലെന്നാണ് വിവരാവകാശരേഖയിലൂടെ പുറത്തുവന്നിരിക്കുന്നത്.

സ്‌കൂളിലെ ഒരു അധ്യാപകന്‍ 50 രൂപ പിടിഎ ഫണ്ടിലേക്ക് സംഭാവന ചെയ്‌തെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. എന്നാല്‍ അധ്യാപകന്‍ പറയുന്നത് 500 രൂപയാണ് സംഭാവന നല്‍കിയതെന്നാണ്. ഇതെല്ലാം സാമ്പത്തിക ക്രമക്കേടുകളാണ്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്‌കൂളിലെ ഒരു അധ്യാപകന്‍ തന്നെ പണം തിരിമറിയുടെ കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ യാതൊരു അന്വേഷണവും നടക്കുകയുണ്ടായില്ല. വിവരാവകാശ ചോദ്യങ്ങള്‍ ചോദിച്ചതിനെത്തുടര്‍ന്ന് ആരോപണ വിധേയനായ അധ്യാപകന്‍ പരാതിക്കാരനായ മാര്‍ട്ടിനെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഇതിന്റെ ഫോണ്‍ രേഖകളും ഓഡിയോയും മാര്‍ട്ടിന്‍ പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. വിവരാവകാശത്തിലൂടെ നിരവധി ക്രമക്കേടുകള്‍ മാര്‍ട്ടിന്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മാര്‍ട്ടിന്‍ നേടിയ വിവരാവകാശ രേഖയിലൂടെയായിരുന്നു കുറ്റിക്കോല്‍ സിപിഎം പാര്‍ട്ടി ഓഫീസായ എകെജി സ്മാരക മന്ദിരം സര്‍ക്കാര്‍ ഭൂമിയിലാണെന്ന് വ്യക്തമായത്. കുറ്റിക്കോല്‍ സ്‌കൂളിലെ സാമ്പത്തിക തിരിമറിയെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

കുറ്റിക്കോല്‍ സ്‌കൂളില്‍ സാമ്പത്തിക തിരിമറിയെന്ന് ആരോപണം, വിവരാവകാശ പ്രവര്‍ത്തകന് നല്‍കിയത് തെറ്റായ മറുപടി

Keywords : Kuttikol, Teacher, Complaint, Education, Kasaragod, AUP School, Students, Complaint against school.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia