city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പളയില്‍ വീട്ടുകാരെ ബന്ദികളാക്കി 45 പവനും കാല്‍ ലക്ഷം രൂപയും കൊള്ളയടിച്ചു

കുമ്പളയില്‍ വീട്ടുകാരെ ബന്ദികളാക്കി 45 പവനും കാല്‍ ലക്ഷം രൂപയും കൊള്ളയടിച്ചു
കുമ്പള: വീട്ടുകാരെ ബന്ദികളാക്കി വീട്ടില്‍ നിന്നും 45 പവന്‍ സ്വര്‍ണാഭരണങ്ങളും കാല്‍ ലക്ഷം രൂപയും കവര്‍ന്നു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. മംഗലാപുരത്ത് ട്രാസ്‌പോര്‍ട്ട് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന കുമ്പള മല്ലിക ഗ്യാസ് ഏജന്‍സിക്ക് സമീപം താമസിക്കുന്ന കെ.രാജേഷ് ഷേണായിയുടെ വീട്ടിലാണ് കവര്‍ച്ച. രണ്ട് മുഖംമൂടി ധരിച്ചവരടക്കം എട്ട് പേരാണ് കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നത്. ഷേണായിയുടെ ഭാര്യ അനുഷ, അച്ഛന്‍ വിട്ടല്‍ ഷേണായ്, മാതാവ് രോഹിണി, സഹോദരി കല്‍പന, മകള്‍ വിദ്യാലക്ഷ്മി, ബന്ധുവായ ശ്രീനിവാസ, ഭാര്യ സുനിത, അയല്‍വാസി രാധാ പൈ എന്നിവരെ ബന്ദിച്ച് വായ പ്ലാസ്റ്റര്‍ ഓട്ടിച്ച ശേഷമായിരുന്നു കവര്‍ച്ച.

കത്തി, വാള്‍, സൈക്കിള്‍ ചെയിന്‍ എന്നിവയുമായി വീട്ടിനകത്ത് കയറിയ സംഘം വീട്ടുകാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ക്ലോറോ ഫോം മണപ്പിച്ച് ബോധം കെടുത്തുകയും ചെയ്തു. അതിനു ശേഷമാണ് കൈകള്‍ കൂട്ടിക്കെട്ടുകയും വായയില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തത്. വീട്ടുകാരുടെ ദേഹത്തണഞ്ഞിരുന്ന ആഭരണങ്ങള്‍ കവര്‍ച്ചാ സംഘം ഓരോന്നായി ഊരിയെടുക്കുകയായിരുന്നു. പണം അലമാരയില്‍ സൂക്ഷിച്ചതായിരുന്നു. അതിനിടെ വൈദ്യുതി പോയപ്പോള്‍ ടോര്‍ച്ച് തെളിച്ചാണ് കവര്‍ച്ച തുടര്‍ന്നത്.

രാജേഷ് ഷേണായിയുടെ ഭാര്യ അനുഷ ഷേണായിയുടെ കൈകളിലുണ്ടായിരുന്ന രണ്ട് വളകളും രണ്ട് മോതിരങ്ങളും ഊരിയെടുത്തു. മാതാവ് രോഹിണി ഷേണായിയുടെ നാല് വളകളും മാലയും, സഹോദരി കല്‍പനയുടെ കഴുത്തില്‍ നിന്നും നെക്‌ലേസും, രണ്ട് വളകളും, ഇളയമ്മ സുനിത ഷേണായിയുടെ രണ്ട് വളകളും, രാധാ പൈയുടെ രണ്ട് വളകളും ഒരു മാലയുമാണ് നഷ്ടപ്പെട്ടത്. 8.30 മണിയോടെ വൈദ്യുതി വന്ന സമയത്താണ് അലമാര തുറന്ന് സംഘം പണം കൈക്കലാക്കിയത്. കൂടുതല്‍ എവിടെയെങ്കിലും വെച്ചിട്ടുണ്ടെങ്കില്‍ അത് എടുത്തു തരണമെന്നാവശ്യപ്പെട്ടും കവര്‍ച്ചക്കാര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. അതിനിടെ വീട്ടിന് പുറത്തു നിന്ന് ഒച്ച കേട്ടതിനാല്‍ കവര്‍ച്ചക്കാര്‍ തിടുക്കത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഗൃഹ പ്രവേശനത്തിന് ക്ഷണിക്കാന്‍ കുടുംബ സുഹൃത്തായ ഡോ.വാണി എത്തിയപ്പോഴാണ് വീട്ടുകാരെ ബന്ദികളാക്കി കവര്‍ച്ച നടന്ന വിവരം പുറം ലോകം അറിഞ്ഞത്. ഡോക്ടര്‍ വാണിയാണ് വീട്ടുകാരെ കെട്ടഴിച്ച് വിട്ട് കവര്‍ച്ചാ വിവരം പോലീസിലറിയിച്ചത്. വിവരമറിഞ്ഞ്് കുമ്പള സി.ഐ. ടി.പി.രഞ്ജിത്തും, എസ്.ഐ.പി.നാരായണനും രാത്രി തന്നെ വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പോലീസ് നായയും ഞായറാഴ്ച രാവിലെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.

കവര്‍ച്ചാ സംഘത്തിലുള്ളവര്‍ പാന്റ്‌സും ടീഷര്‍ട്ടുമാണ് ധരിച്ചതെന്നും, രണ്ട് പേര്‍ മുഖംമൂടി ധരിച്ചിരുന്നെന്നും വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളാണ് ഇവര്‍ സംസാരിച്ചിരുന്നത്. വാഹനം വീടിന് പുറത്ത് പാര്‍ക്ക് ചെയ്താണ് ഇവര്‍ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയതെന്ന് സംശയിക്കുന്നു.

രാജേഷ് ഷേണായിയുടെ വീടും പരിസരവും നന്നായി അറിയുന്നവരാകാം കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. മുഖംമൂടി ധരിച്ചവര്‍ വീട്ടുകാരെ അടുത്തറിയാവുന്നവരായിരിക്കാമെന്നും അവരെ തിരിച്ചറിയാതിരിക്കാനായിരിക്കാം മുഖംമൂടി ധരിച്ചതെന്നും കരുതുന്നു. മറ്റുള്ളവര്‍ കാതില്‍ വലിയ കടുക്കനും കൈകളില്‍ പലതരത്തിലുള്ള ചരടുകളും കെട്ടിയവരാണ്.

കവര്‍ച്ചാ സംഘം ഉപേക്ഷിച്ചതെന്ന് കരുതുന്ന കൈ ഉറകളും, മയക്കാനുപയോഗിച്ച ക്ലോറോഫോമും സ്‌പോഞ്ചും പോലീസ് വീട്ടുപരിസരത്തു നിന്നും കണ്ടെത്തി. മംഗലാപുരം കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാകാം കുമ്പളയില്‍ കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Keywords : Kasaragod, Kumbala, Robbery, Gold, Cash, House, Rajesh Shenai, Mangalore, Gas Agency, Police Case, Pants, Shirt, Malayalam News, Kasaragodvartha.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia