കാസര്‍കോട്: മനുഷ്യജീവന് വിലയില്ലാത്ത കാസര്‍കോടിന്റെ സാഹചര്യത്തില്‍ ഒരു പല്ലിയുടെ ജീവന് പോയതില്‍ ആരും അത്ഭുതപ്പെടുമെന്ന് തോന്നുന്നില്ല.
കാസര്‍കോട് ഉളിയത്തടുക്കയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിനിടെ വീടിന് നേരെ കല്ലെറിഞ്ഞപ്പോള്‍ ജനലില്‍ പറ്റിപ്പിടിച്ചിരുന്ന പല്ലി ചത്തു. ഉളിയത്തടുക്കയിലെ അബ്ദുല്‍ മജീദ്, മഹ്മൂദ്, അബ്ദുര്‍ റഹ്മാന് എന്നിവരുടെ വീടുകള്‍ക്കും, മധൂരിലെ ഗിരികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സന്ധ്യാ ബസിനും നിരവധി വാഹനങ്ങള്‍ക്കും നേരെയാണ് കല്ലേറുണ്ടായത്. ബസിനു നേരെയുണ്ടായ കല്ലേറില്‍ ബസ് ഡ്രൈവര്‍ ബങ്കരക്കുന്നിലെ ജയരാജന്റെ (32) അഞ്ച് പല്ലുകള്‍ കൊഴിഞ്ഞു.

മഹ്മൂദിന്റെ വീടിന് കല്ലെറിഞ്ഞപ്പോഴാണ് വെളിച്ചത്തിന്റെ വെട്ടത്തില്‍ ഇരപിടിക്കാന്‍ കാത്തിരുന്ന പല്ലി ചത്തത്. കല്ലേറ് കൊണ്ട് പല്ലി അതേപടി നിലത്ത് വീഴാതെ ജനല്പാളിയില് തന്നെ പറ്റിപ്പിടിച്ച് ചാവുകയായിരുന്നു. സംഘര്‍ഷത്തിനിടയില്‍ ആരും കാണാതെ പോകുന്ന ഇത്തരം മരണങ്ങള് ജന്തുസ്നേഹികളായ ആരിലും വേദനയുണ്ടാക്കും.

മഹ്മൂദിന്റെ വീടിന് കല്ലേറുണ്ടായപ്പോള്‍ മാതാവ് സാറ സിറ്റ്ഔട്ടിലിരിക്കയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവര്‍ക്ക് കല്ലേറ് കൊള്ളാതിരുന്നത്. കല്ലേറില്‍ ജനല്‍ ചില്ല് തകരുന്നതിന്റെ ശബ്ദം കേട്ട് മുറിക്കകത്ത് ഓടുന്നതിനിടയില്‍ സാറയ്ക്ക് കസേരയില്‍ നിന്നും വീണ് സാരമായി പരിക്കേറ്റു. സംഘര്‍ഷത്തെതുടര്‍ന്ന് ഉളിയത്തടുക്ക, മധൂര്‍ ഭാഗങ്ങളിലെ നിരവധി ബൈക്കുകളും വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കര്‍ശനമായ പരിശോധനയും അന്വേഷണവുമാണ് നടത്തിവരുന്നത്.
Photos: Zubair Pallickal
Keywords: Attack, Death, Lizard, Uliyathaduka, Bus, Vehicle, House, Police, Custody, Kasaragod, Kerala