city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറ്റും കാസര്‍കോട്ടെ കറണ്ടും പിന്നെ കേസും

കാസര്‍കോട്: (www.kasargodvartha.com 21.06.2014) മഴക്കാലം ആരംഭിച്ചതോടെ വര്‍ധിച്ച കുടിവെള്ള ക്ഷാമത്തിനു അറുതിയായെങ്കിലും മഴക്കെടുതികള്‍ ജനങ്ങളെ കണ്ണീരു കുടിപ്പിക്കുന്നു. കടല്‍ക്ഷോഭവും കൃഷി നാശവും വീടുകള്‍ക്കുണ്ടായ നാശവുമാണ് ഏറെ ദുരിതം വിതച്ചത്. വൈദ്യുതി മുടക്കം അതിന്റെ മുന്‍കാല റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ട് മുന്നേറുകയാണ്.

ജൂണ്‍ ആരംഭത്തോടെ തന്നെ മഴ വന്നുവെങ്കിലും കൊള്ളാവുന്ന മഴ ഇനിയും വന്നില്ലെന്നാണ് കര്‍ഷകരും കാലാവസ്ഥാ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ മിന്നലും കാറ്റും അതിന്റെ പാരമ്യതയില്‍ എത്തുകയും പോയ വഴിക്കെല്ലാം നാശം വരുത്തുകയും ചെയ്തു. അനവധി കാര്‍ഷിക വിളകളും വീടും കെട്ടിടങ്ങളും മിന്നലിലും കാറ്റിലും നശിച്ചു. റബ്ബര്‍, തെങ്ങ്, കവുങ്ങ്, വാഴ വിളകളാണ് വ്യാപകമായി നശിച്ചത്.

മഴ കുറഞ്ഞിട്ടും കടലാക്രമണത്തിനു യാതൊരു കുറവും കാസര്‍കോട് ഭാഗത്ത് ഉണ്ടായിരുന്നില്ല. കാലിക്കടവു മുതല്‍ മഞ്ചേശ്വരം വരെ നീണ്ടു കിടക്കുന്ന കടല്‍ത്തീരമെല്ലാം കടലെടുത്തു. കടല്‍ ഭിത്തിയെന്ന കരിങ്കല്‍ക്കൂട്ടങ്ങളും കടലില്‍ നിന്നെത്തിയ രാക്ഷസതിരകള്‍ കൊണ്ടു പോയി. മീന്‍ പിടുത്തക്കാരുടെ കുടിലും മത്സ്യ ബന്ധന ഉപകരണങ്ങളും തീരത്തെ തെങ്ങുകളും മരങ്ങളും കടലമ്മ കൊണ്ടു പോയി. നമ്മുടെ ഉദ്യോഗസ്ഥരാഷ്ട്രീയ പ്രവരന്മാര്‍ പ്രദേശത്തു കൂടി ഫയലും പിടിച്ച് കുടചൂടി നടക്കുകയും ചെയ്തു. ക്യാമറക്കണ്ണുകളിലും ദൃശ്യം പതിഞ്ഞു. എന്നാല്‍ മത്സ്യത്തൊഴിലാളികളടക്കമുള്ള തീരദേശ വാസികള്‍ക്കു അതൊന്നും ആശ്വാസം പകര്‍ന്നില്ല. പിന്നാലെ വന്ന ട്രോളിംഗ് നിരോധനവും അവര്‍ക്കു പട്ടിണിയുടെ നാളുകള്‍ സമ്മാനിച്ചു.

വ്യാഴാഴ്ച കാസര്‍കോട്ടും പരിസരങ്ങളിലും ആഞ്ഞു വീശിയ കാറ്റ് നാശത്തിന്റെ പാശവുമായാണ് പ്രയാണം തുടര്‍ന്നത്. ഇതില്‍ നിരവധി പേരുടെ വീടുകള്‍ക്കു കേടുപറ്റി. പരക്കെ കൃഷി നാശവുമുണ്ടായി. ഇതിന്റെയൊക്കെ കണക്കൊന്നും നാട്ടുകാര്‍ പറയുന്നതിലപ്പുറം നമ്മുടെ ഭരണകൂട സംവിധാനങ്ങളുടെ പക്കലില്ല. പലേടത്തും ഫയര്‍ഫോഴ്‌സ് പാഞ്ഞെത്തിയെങ്കിലും നഷ്ടക്കണക്കു തിരക്കാന്‍ അവരും നിന്നില്ല. നഷ്ടം അതു സംഭവിച്ചവര്‍ തന്നെ തങ്ങളെ അറിയിക്കട്ടെ എന്ന ഭാവത്തിലാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. അതേ സമയം നഷ്ടപ്പെട്ടത് തങ്ങള്‍ക്കു പോയി എന്നല്ലാതെ ആരേയും അതിന്റെ കണക്ക് ധരിപ്പിച്ചിട്ടുഫലമില്ലെന്ന അനുഭവ പാഠം ഉള്‍ക്കൊണ്ടു കഴിയുകയാണു കര്‍ഷകര്‍.

കായ്ക്കുന്ന തെങ്ങു നശിച്ചാല്‍ 100 രൂപയും കവുങ്ങ് ഒടിഞ്ഞാല്‍ 50 രൂപയുമാണത്രേ സര്‍ക്കാര്‍ നല്‍കുന്ന നഷ്ട പരിഹാരം. അത് എപ്പോള്‍, എങ്ങനെ, എവിടുന്ന് കിട്ടുമെന്നതിനു യാതൊരു നിശ്ചയവുമില്ല തന്നെ. കഴിഞ്ഞ കൊല്ലത്തെ നഷ്ടം തന്നെ ഇപ്പോഴും കൊടുത്തിട്ടില്ലത്രേ. സര്‍ക്കാര്‍ കാര്യം മുറപോലെ എന്നല്ലേ ചൊല്ല്!

കാസര്‍കോട്ടെ കറണ്ടു കട്ടിന്റെ കാര്യം പറഞ്ഞിട്ടു കാര്യമില്ല. മഴ വന്നു ഡാം നിറഞ്ഞാലും കറണ്ടു കട്ട് അങ്ങനെത്തന്നെ! ദൈവം കനിഞ്ഞാവും പൂജാരി കനിയുന്നില്ല എന്ന പോലെ! പകലും രാത്രിയും സന്ധ്യയ്ക്കും എന്നു വേണ്ട, ഇവിടെ ഔദ്യോഗിക കട്ടേത്, അനൗദ്യോഗിക കട്ടേത് എന്നു തിരിച്ചറിയാന്‍ പാട്!

ഇരുട്ടത്തിരുന്നു സഹിക്കെടുമ്പോള്‍ നാട്ടുകാര്‍ കാര്യം തിക്കാന്‍ ഫോണ്‍ ചെയ്താല്‍ കറണ്ട് ഓഫീസില്‍ ചത്താലും ഫോണെടുക്കില്ല. ശല്യം ഒഴിവാക്കാന്‍ റിസീവര്‍ താഴെ എടുത്തു വെക്കുകയല്ലേ! നേരിട്ടറിയാന്‍ വൈദ്യുതി ഓഫീസിലേക്കു ചെന്നാലും പ്രശ്‌നമാണ്. ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതായും കേസു വരും. കഴിഞ്ഞ ദിവസം നെല്ലിക്കുന്നില്‍ നടന്നത് അതല്ലേ?
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


കാറ്റും കാസര്‍കോട്ടെ കറണ്ടും പിന്നെ കേസും

Also Read:
ട്രെയിന്‍ യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു

Keywords:  Kasaragod, Power cut, Seamen, Rain, Rain and power, Protest.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia