'കര്‍ഷക ആത്മഹത്യകള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണം'
May 27, 2012, 22:00 IST
![]() |
കിസാന്‍ സഭ കാസര്‍കോട് ജില്ലാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യുന്നു |
തൃക്കരിപ്പൂര്‍: കടാശ്വാസ കമ്മീഷനെ സജീവമാക്കി കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാന്‍ തയ്യാറാകണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി ആവശ്യപ്പെട്ടു. കിസാന്‍ സഭ കാസര്‍കോട് ജില്ലാ സമ്മേളനം തടിയന്‍കൊവ്വല്‍ എ യു പി സ്ക്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നത്. ദേശീയ നയത്തിന്റെ അപാകതകള്‍ കാരണം കൃഷിക്കാരന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ വില ലഭിക്കുന്നില്ല. കേരളത്തില്‍ കൃഷിക്കാരനെ സഹായിക്കുന്നതിനായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പല പദ്ധതികളും പിന്‍വലിക്കുന്ന സാഹചര്യമാണിന്നുള്ളത്. വൈദ്യുതി സബ്സിഡി എടുത്തു കളഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ മണ്ണെണ്ണയുടെ ദൌര്‍ലഭ്യം പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൃഷി ഒരു തൊഴിലായി കണക്കാക്കി കൃഷിക്കാരന് എല്ലാ അനുകൂല്യങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മഹിളാ സംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി, സി പി ഐ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി എ അമ്പൂഞ്ഞി, പി എ നായര്‍, ടി കെ നാരായണന്‍, കെ പി സഹദേവന്‍, എം അസ്സിനാര്‍, എം ഗോവിന്ദ ഹെഗ്ഡെ, ഇ കെ നായര്‍, എം സഞ്ചീവ ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി എ നായര്‍ പതാക ഉയര്‍ത്തി.
ഭാരവാഹികളായി, ബങ്കളം കുഞ്ഞികൃഷ്ണന്‍ (പ്രസിഡന്റ്), ടി കെ നാരായണന്‍, എം ഗോവിന്ദ ഹെഗ്ഡെ (വൈസ് പ്രസിഡന്റുമാര്‍), ഇ കെ നായര്‍ (സെക്രട്ടറി), കെ പി സഹദേവന്‍, എം അസ്സിനാര്‍ (ജോ. സെക്രട്ടറിമാര്‍), എം കൃഷ്ണന്‍ കാടകം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.