എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കല്‍: കൃഷിമന്ത്രി ചര്‍ച്ച നടത്തി
Apr 16, 2012, 14:53 IST

കാസര്‍കോട്: രാജപുരം, ചീമേനി എസ്റേറ്റുകളില്‍ സൂക്ഷിച്ച 1600 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുന്നത് സംബന്ധിച്ച് കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ഉന്നതതല ചര്‍ച്ച നടത്തി. എന്‍ഡോസള്‍ഫാന്‍ ശാസ്ത്രീയമായി നിര്‍വ്വീര്യമാക്കുന്നത് സംബന്ധിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) പഠനം നടത്തും.
അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദ്രവിക്കാത്ത ശക്തിയുള്ള കണ്ടെയ്നറുകള്‍ നിര്‍മ്മിച്ച് സൂക്ഷിക്കുന്നതിനുള്ള സാധ്യതയും യോഗം ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച് തീരുമാനിക്കാന്‍ ഡോ.മുഹമ്മദ് അഷീലിനെയും എച്ച്.എ.എന്‍ അധികൃതരെയും ചുമതലപ്പെടുത്തി. മൂന്ന് ദിവസത്തിനകം ഇവര്‍ റിപ്പോര്‍ട്ട് നല്‍കും. എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളുമായി ഈ മാസം 30 ന് ചര്‍ച്ച നടത്തും. മെയ് ഏഴിന് തദ്ദേശീയരുമായും കൂടിയാലോചന നടത്തുന്നുണ്ട്. തദ്ദേശീയരുമായി ചര്‍ച്ച ചെയ്ത് എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ച പ്രദേശത്ത് തന്നെ നിര്‍വ്വീര്യമാക്കി സംസ്കരിക്കുന്നത് സംബന്ധിച്ച് ആലോചന നടത്തുന്നുണ്ട്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാ ദേവി, കൃഷി വകുപ്പ് ഡയറക്ടര്‍ ആര്‍.അജിത്ത് കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ സി.വി.ജയ കുമാര്‍, പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ മാനേജര്‍ ജി.രാജീവ്, ഡെപ്യൂട്ടി കലക്ടര്‍ പി.കെ.സുധീര്‍ ബാബു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്.ശിവപ്രസാദ്, ഡോ.മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Endosulfan, Minister K.P.Mohanan, Kasargod