അറിയിപ്പുകള്‍
May 26, 2012, 16:16 IST
കാറ്റിന് സാധ്യത
കേരള തീരങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കി.മീ. വേഗത്തില്‍ കാറ്റടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
സ്മൃതിവനം: കൂടിയാലോചന യോഗം 28ന്
ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കുളങ്ങാട്ട് മലയെ സ്മൃതി വനം എന്ന പേരില്‍ വനവല്‍ക്കരിക്കുന്നതുമായി 24ന് നടത്താനിരുന്ന ബന്ധപ്പെട്ടവരുടെ യോഗം മെയ് 28ന് മൂന്ന് മണിക്ക് ചെറുവത്തൂര്‍ ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചേരുന്നതാണ്. ജനപ്രതിനിധികള്‍, കുളങ്ങാട്ട് മലയുടെ സമീപവാസികള്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വാട്ടര്‍ ഷെഡ്, കമ്മിറ്റി അംഗങ്ങള്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന സ്മൃതിവനം പദ്ധതി ജൂണ്‍ 5ന് ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.
താലൂക്ക് വികസന സമിതി യോഗം
ജൂണ്‍ മാസത്തെ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന് 11 മണിക്ക് താലൂക്ക് ഓഫീസില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
സ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം
വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി ജില്ലാ സ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം മെയ് 29ന് മൂന്ന് മണിക്ക് ജല്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
മലയാള ഭാഷാ പഠനം: പ്രധാനാധ്യാപകരുടെ യോഗം 28ന്
സ്കൂളുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും പ്രസ്തുത ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുള്ളതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലയിലെ അംഗീകാരമുള്ള സി.ബി.എസ്.ഇ/ഐ.സി.എസ്.സി സ്കൂളുകളിലെ കേന്ദ്രീയ വിദ്യാലയമുള്‍പ്പെടെ പ്രധാനാധ്യാപകരുടെ യോഗം മെയ് 28ന് രണ്ട് മണിക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ചേരും. ബന്ധപ്പെട്ട പ്രധാനാധ്യാപകര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍: ദേശീയ ശില്പശാല സംഘടിപ്പിക്കും
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ സമഗ്ര പുനരധിവാസ കര്‍മ്മപരിപാടി തയ്യാറാക്കുന്നതിന് ദേശീയ തല ശില്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ അവസാന വാരം നടക്കുന്ന ശില്പശാല വിജയിപ്പിക്കാന്‍ സംഘാടക സമിതി രൂപീകരണം മെയ് 29-ന് 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി അറിയിച്ചു.
ഭവന നിര്‍മ്മാണ പ്ളോട്ടുകള്‍ വില്പന നടത്തുന്നു
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ മധൂര്‍ പഞ്ചായത്തില്‍ കേന്ദ്രീയ വിദ്യാലയത്തിന് മുന്‍വശത്തുള്ള മധൂര്‍ പബ്ളിക് ഹൌസിംഗ് സ്കീമിലെ പ്ളോട്ടുകള്‍ വില്പന നടത്തുന്നതിന്റെ ഭാഗമായി മെയ് 30ന് രാവിലെ 11 മണിക്ക് ചെങ്കള ഇന്ദിര നഗറിലുള്ള ഭവന നിര്‍മ്മാണ ബോര്‍ഡ് ഓഫീസില്‍ ഡിമാന്റ് സര്‍വ്വെ നടത്തും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ ംംം.സലൃമഹമ.സവെയ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04994-284788.
കര്‍ഷക അദാലത്ത്
ബളാല്‍ ഗ്രാമപഞ്ചായത്തില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന മുട്ടോംകടവ് വാട്ടര്‍ഷെഡ് പദ്ധതിയുടെ ഭാഗമായി കര്‍ഷക അദാലത്തും പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നു. മെയ് 28ന് കൊന്നക്കാട് ഗവ. എല്‍.പി.സ്കൂളില്‍ ആണ് പരിപാടി.
ആബി അപേക്ഷ നീട്ടി
പഞ്ചായത്തിനു കീഴില്‍ വരുന്ന ഭൂരഹിതര്‍ക്കും, അഞ്ച് സെന്റ് ഭൂമിയോ അതില്‍ താഴെയോ ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും കുടുംബത്തിലെ 9 മുതല്‍ 12-ാം തരം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 100 രൂപ വീതം സ്കോളര്‍ഷിപ്പും നല്‍കുന്ന ആബി പദ്ധതിയില്‍ അംഗമാകുന്നതിനുള്ള അപേക്ഷ മെയ് 31 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് വില്ലേജ് ഓഫീസര്‍മാര്‍, വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം തിരിച്ച് അക്ഷയ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടണം.
Keywords: Notice, Kasaragod