വിദേശ വനിതയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Nov 16, 2011, 10:15 IST
പരിയാരം: കഴിഞ്ഞ ദിവസം കാട്ടാമ്പള്ളിയിലെ റിസോര്‍ട്ടില്‍ മൂക്കില്‍ നിന്നുള്ള രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ മരിച്ച ഫ്രഞ്ച് വനിത ക്രിസ്റ്റീന ലിലിയാനോ ക്രസോര്‍ട്ട് (46)ന്റെ മരണത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് മയ്യില്‍ പോലീസ് കേസെടുത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫ്രാന്‍സില്‍നിന്ന് ബന്ധുക്കള്‍ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ എംബാം ചെയ്ത് കൂടുതല്‍ ദിവസം ഫ്രീസറില്‍ വെക്കാന്‍ കഴിയാത്തതുകൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മതിയെന്ന് തീരുമാനിച്ചതെന്ന് കേസന്വേഷിക്കുന്ന വളപട്ടണം സി.ഐ. പറഞ്ഞു. വിനോദ സഞ്ചാരത്തിനെത്തിയ വിദേശവനിതയോടൊപ്പം ഭര്‍ത്താവെന്ന് പരിചയപ്പെടുത്തി ക്രിസ്റ്റഫര്‍ നൊറിസണ്‍ എന്ന വിദേശിയുണ്ടായിരുന്നു. എന്നാല്‍ വിദേശ വനിതയുടെ മരണത്തെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് താന്‍ ഭര്‍ത്താവല്ലെന്നും സുഹൃത്ത് മാത്രമാണെന്നും ഇയാള്‍ സമ്മതിച്ചത്. ഇയാള്‍ ഇപ്പോള്‍ റിസോര്‍ട്ടില്‍തന്നെ താമസിക്കുകയാണ്.