ടി.ഗോവിന്ദന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
Oct 25, 2011, 01:53 IST
മംഗലപുരത്തെ ആസ്പത്രിയില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ഗോവിന്ദന്റെ അന്ത്യം. മൃതദേഹം രാത്രി തന്നെ വീട്ടില്‍ എത്തിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 7.30ഓടെ സി.പി.എം. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസായ എ.കെ.ജി. മന്ദിരത്തില്‍ കൊണ്ടുവന്നു. പാര്‍ട്ടിനേതാക്കളുടെയും പ്രവര്‍ത്തകരുടെയും അന്ത്യോപചാരങ്ങള്‍ക്കുശേഷം തൊട്ടടുത്ത ഗാന്ധി പാര്‍ക്കില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ എത്തിച്ചു. രാവിലെ മുതല്‍ തന്നെ ഗാന്ധിപാര്‍ക്കില്‍ അണികളുടെയും നാട്ടുകാരുടെയും നിര രൂപപ്പെട്ടിരുന്നു. പി. കരുണാകരന്‍ എം.പി., ഇ.പി.ജയരാജന്‍ എം.എല്‍.എ., പി.കെ. ശ്രീമതി, എം.വി.ജയരാജന്‍, പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടിപതാക പുതപ്പിച്ചു.
പയ്യന്നൂര്‍ നഗരസഭാപരിധിയിലും കരിവെള്ളൂര്‍ പെര്‍ളം, രാമന്തളി പഞ്ചായത്തുകളിലും ഗോവിന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഉച്ചവരെ സി.പി.എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഉച്ചയ്ക്ക്‌ശേഷം മാത്രമാണ് കടകളും വ്യാപാരസ്ഥാപനങ്ങളും തുറന്നത്. വാഹനങ്ങള്‍ ഓടി. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ നാനാഭാഗങ്ങളില്‍ നിന്നും നിരവധിപ്പേരാണ് പ്രിയനേതാവിന്റെ ഭൗതിക ശരീരം ഒരു നോക്കുകാണാന്‍എത്തിയത്.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ചുവപ്പു വളണ്ടിയര്‍മാരും പോലീസും ഏറെ ബുദ്ധിമുട്ടി. തിരക്ക് കാരണം പയ്യന്നൂര്‍ ടൗണില്‍ വാഹനഗതാഗതം ഇടക്കിടെ തടസ്സപ്പെട്ടു.
വിലാപയാത്രയായാണ് ഗോവിന്ദന്റെ മൃതദേഹം അദ്ദേഹത്തിന്റെ സ്വന്തം നാടായ പയ്യന്നൂര്‍ തെക്കെ മമ്പലത്തേക്ക് കൊണ്ടുപോയത്. പുഷ്പചക്രങ്ങള്‍ കൊണ്ടും പൂമാലകള്‍ കൊണ്ടും അലങ്കരിച്ച തുറന്ന വാഹനത്തിനു പിന്നില്‍ സി.പി.എം. നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി. ജയരാജന്‍, ഇ.പി. ജയരാജന്‍, സി.കൃഷ്ണന്‍, പി.കെ. ശ്രീമതി, പി. സതീദേവി, കെ.കെ. ശൈലജ, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ വിലാപയാത്ര നയിച്ചു.
ഉച്ചയ്ക്ക് ഒരുമണിയോടെ പയ്യന്നൂര്‍ മമ്പലത്തെ പാര്‍ട്ടി ഓഫീസ് വളപ്പില്‍ ശവസംസ്‌കാരം നടന്നു. അവിടെ സി.എം.പി. നേതാവ് എം.വി.രാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. സി.പി.എമ്മിന്റെ വിവിധ ലോക്കല്‍ ഏരിയാ കമ്മിറ്റികള്‍, വര്‍ഗ ബഹുജന സംഘടനകള്‍, പയ്യന്നൂരിലെയും പരിസരത്തെയും കലാസാംസ്‌കാരിക സംഘടനകള്‍, വിവിധ രാഷ്ട്രീയ സംഘടനകള്‍ എന്നിവയ്ക്കു വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു. കെ.സുധാകരന്‍ എം.പി.ക്കുവേണ്ടി കെ.സുരേന്ദ്രനും 'മാതൃഭൂമി'ക്കുവേണ്ടി പയ്യന്നൂര്‍ ലേഖകന്‍ പി.വി.ഷിബുവും മന്ത്രി കെ.സി. ജോസഫിനുവേണ്ടി ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം.പ്രദീപ്കുമാറും പുഷ്പചക്രം അര്‍പ്പിച്ചു.
സതീശന്‍ പാച്ചേനി, കാസര്‍കോട് ഡി.സി.സി. പ്രസിഡന്റ് കെ. വെളുത്തമ്പു, കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്റ് പി. രാമകൃഷ്ണന്‍, വി.കെ. അബ്ദുള്‍ഖാദര്‍ മൗലവി, പള്ളിപ്രം ബാലന്‍, സി. രവീന്ദ്രന്‍, യു. ബാബുഗോപിനാഥ്, പി. കോരന്‍മാസ്റ്റര്‍, സി.എ. അജീര്‍ തുടങ്ങിവരും അന്തിമോപചാരമര്‍പ്പിച്ചു.