Sarada Teacher | 'സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'; നായനാരുടെ ഭാര്യ ശാരദ ടീചര്‍
രാവിലെ മാടായി കാവ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി.
പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര എന്നിവിടങ്ങളിലും എത്തി.
പയ്യാമ്പലത്തെ മാരാര്‍ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാര്‍ചന നടത്തി.
കണ്ണൂര്‍: (KasargodVartha) കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ രാഷ്ട്രീയമില്ലെന്ന് നായനാരുടെ ഭാര്യ ശാരദ ടീചര്‍. സുരേഷ് ഗോപിയും കുടുംബവുമായി വര്‍ഷങ്ങളായുള്ള സ്‌നേഹബന്ധമാണുള്ളത്. വീട്ടില്‍ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ശാരദ ടീചര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇകെ നായനാരുടെ ഗൃഹസന്ദര്‍ശനത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും വ്യക്തിബന്ധങ്ങള്‍ മുറിച്ചു മാറ്റാനാവുന്നതല്ലെന്നും സുരേഷ് ഗോപിയും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി കണ്ണൂരിലെത്തി. രാവിലെ മാടായി കാവ് ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി ദര്‍ശനം കഴിഞ്ഞ് ഇറങ്ങി. രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര എന്നിവിടങ്ങളിലും സുരേഷ് ഗോപി ദര്‍ശനം നടത്തി. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാര്‍ചന നടത്തി. തുടര്‍ന്നാണ് കല്യാശേരിയില്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീചറെ സന്ദര്‍ശിച്ചത്. കൊട്ടിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയശേഷം സുരേഷ് ഗോപി പിന്നീട് തൃശ്ശൂരിലേക്ക് മടങ്ങും.