മംഗളൂറിൽ നിന്ന് ചൊവ്വാഴ്ച പറന്നത് ഒരൊറ്റ യാത്രാവിമാനം; കണ്ണൂരിനെ ചൂണ്ടിക്കാട്ടി മംഗളൂറിന് വിമർശനം
Jun 2, 2021, 16:05 IST
മംഗളുറു: (www.kasargodvartha.com 02.06.2021) നിറയെ വിമാനങ്ങൾ സെർവീസ് നടത്തിയിരുന്ന മംഗളുറു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച പറന്നത് ഒരൊറ്റ വിമാനം മാത്രം. കോവിഡും ലോക് ഡൗണും വ്യോമ ഗതാഗതത്തെയും സാരമായി ബാധിക്കുന്നുവെന്നതിന്റെ ഉദാഹരണമായി ഇത് മാറി.
സാധാരണ ഗതിയിൽ, അന്താരാഷ്ട്ര വിമാന സെർവീസുകൾ ഉൾപെടെ 22 വിമാനങ്ങൾ ഇവിടെ നിന്ന് പറന്നിരുന്നു. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ പോലും, കുറഞ്ഞത് അഞ്ച് മുതൽ ആറ് വരെ വിമാനങ്ങൾ സെർവീസ് നടത്തിയിരുന്നു. എന്നാൽ ചൊവ്വാഴ്ച മുംബൈയിലേക്കുള്ള യാത്രാവിമാനം മാത്രമാണ് പറന്നത്.
ജൂൺ ഒന്ന് മുതൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ 50 ശതമാനം മാത്രമേ സെർവീസ് നടത്താവൂ എന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും നിർദേശം നൽകിയിരുന്നു.
ആർടി-പിസിആർ നെഗറ്റീവ് സെർടിഫികറ്റ് വിവിധ സംസ്ഥാനങ്ങൾ നിർബന്ധമാക്കിയതും യാത്രക്കാർ കുറയുന്നതിന് കാരണമായിട്ടുണ്ട്. ബെംഗളുറു, മുംബൈ, ഡെൽഹി തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ ഇവിടെ നിന്നുണ്ടെങ്കിലും ആവശ്യത്തിന് യാത്രക്കാർ ഇല്ലാത്തത് മൂലം അവസാന നിമിഷം പല വിമാനങ്ങളും റദ്ദാക്കുന്ന അവസ്ഥയാണുള്ളത്.
വിമാനത്താവളം അദാനി ഗ്രൂപിന് കൈമാറിയ ശേഷം കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെയും പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്ന് പിറകോട്ട് പോകുകയാണ് മംഗളുറു. കോവിഡ് മൂലമാണ് ഇത് സംഭവിച്ചതെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും അടുത്തുള്ള കണ്ണൂർ വിമാനത്താവളം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാണിക്കുന്നു.
ഒരു സമയത്ത് കാസർകോട് ജില്ലയിൽ നിന്നുള്ളവർ മംഗളുറു വിമാനത്താവളത്തെയാണ് കൂടുതലായും ആശ്രയിച്ചിരുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റങ്ങൾ മൂലം കാസർക്കോട്ടുകാർ കൂട്ടത്തോടെ കയ്യൊഴിയുകയായിരുന്നു. കോവിഡ് കേസുകൾ ക്രമേണ കുറഞ്ഞുവരുന്നതിനാൽ ഒരാഴ്ചയ്ക്കുശേഷം വിമാനങ്ങൾ ഉയരുമെന്ന പ്രതീക്ഷയാണ് ഉദ്യോഗസ്ഥർ വെച്ചുപുലർത്തുന്നത്.
Keywords: Mangalore, Karnataka, News, Kannur, Kerala, Airport, Traveling, Lockdown, COVID-19, Minister, Mumbai, New Delhi, Kasaragod, Case, Single flight operated from Mangaluru Airport instead of 22 flights per day.