Visit | കണ്ണൂരില്‍ വന്നിറങ്ങി പ്രധാനമന്ത്രി; കൈപിടിച്ച് സ്വീകരിച്ച് മുഖ്യമന്ത്രി
![Wayanad, Kerala, floods, landslides, Prime Minister Modi, disaster relief, Kerala floods, India](https://www.kasargodvartha.com/static/c1e/client/114096/uploaded/90287ca935c5a5d2bfce96dcb316ed30.webp?width=823&height=463&resizemode=4)
കണ്ണൂര്‍: (KasargodVartha) വയനാട്ടിലെ ദുരന്തബാധിതരെ ആശ്വസിപ്പിക്കാനായി എത്തിയ പ്രധാനമന്ത്രി കണ്ണൂര്‍ എയര്‍പോര്‍ടില്‍ വിമാനമിറങ്ങി. രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം പ്രത്യേകവിമാനത്തില്‍ കണ്ണൂരില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്.
കൈപിടിച്ച് ഏറ്റവും അടുപ്പത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നിന്നു വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ അദ്ദേഹം ദുരന്ത ബാധിത മേഖലയിലേക്ക് എത്തി. പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. തുടര്‍ന്നു ദുരിതാശ്വാസ ക്യാംപുകളും അദ്ദേഹം സന്ദര്‍ശിക്കും.
മേപ്പാടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരെ പ്രധാനമന്ത്രി കാണും. ചെളിക്കൂനയില്‍പ്പെട്ട അരുണ്‍, നട്ടെല്ലിന് പരുക്കേറ്റ അനില്‍, എട്ടുവയസുകാരി അവന്തിക, ഒഡീഷക്കാരി സുഹൃതി എന്നിവരെ സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ശരത് ബാബുവിന്റെ മാതാപിതാക്കളെയും പ്രധാനമന്ത്രി കാണും.