Killed | 22 കാരിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത് അന്വേഷിച്ചെത്തിയ ബന്ധുക്കള്‍; 'കൊല്ലപ്പെട്ടത് മരണവീട്ടില്‍നിന്ന് വസ്ത്രം മാറാന്‍ പോയപ്പോള്‍'; പരിസരത്ത് മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാര്‍; കൊലപാതകിയെ കുറിച്ച് വിവരം ലഭിച്ചതായി സിറ്റി പൊലീസ് കമീഷനര്‍
കണ്ണൂര്‍: (www.kasargodvartha.com) പാനൂരില്‍ 22 കാരിയെ വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത് മരണവീട്ടില്‍ നിന്ന് അന്വേഷിച്ചെത്തിയ മാതാവ്. അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബവീട്ടിലായിരുന്ന വിഷ്ണുപ്രിയ, വസ്ത്രം മാറാനായി പോയപ്പോഴായിരുന്നു കൊലപാതകം നടന്നതെന്നാണ് വിവരം.
നാടിനെ നടുക്കിയ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രാവിലെയാണ് സംഭവമുണ്ടായത്. അക്രമിയെത്തുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. വീട്ടുകാരും ബന്ധുക്കളും അയല്‍ക്കാരുമെല്ലാം മരണവീട്ടിലായിരുന്നു. അതിനാല്‍ തന്നെ വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ടപ്പോള്‍ സംഭവം ആരും അറിഞ്ഞതുമില്ല.
എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും വസ്ത്രം മാറാന്‍ വീട്ടില്‍ പോയ വിഷ്ണുപ്രിയ തിരികെ വരാന്‍ വൈകിയതോടെയാണ് ആദ്യ മരണം നടന്ന കുടുംബ വീട്ടില്‍ നിന്ന് മാതാവിനൊപ്പം ബന്ധുക്കള്‍ യുവതിയെ തിരഞ്ഞിറങ്ങിയത്.
ഇവര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയില്‍ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം പ്രണയപ്പകയാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം കൊലപാതകിയെ കുറിച്ച് വിവരം ലഭിച്ചതായി സിറ്റി പൊലീസ് കമീഷനര്‍ ആര്‍ ഇളങ്കോ അറിയിച്ചിട്ടുണ്ട്.
Keywords: news,Kerala,State,Kannur,Killed,Murder,Police,Crime,Top-Headlines, Panoor Vishnupriya's murder; Dead body first found by relatives