മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് നോര്‍ക്ക അധികൃതരുടെ മുന്നില്‍ വായ്പയ്‌ക്കെത്തിയ നിതാഖത്ത് പ്രവാസികള്‍ വഞ്ചിതരായി; ബഹളം
Feb 13, 2015, 21:56 IST
കണ്ണൂര്‍/കാസര്‍കോട്: (www.kasargodvartha.com 13/02/2015) നിതാഖത്ത് നിയമം നടപ്പാക്കിയപ്പോള്‍ സൗദിയില്‍ നിന്നും പാലായനം ചെയ്യപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ 10 ലക്ഷം രൂപവരെ പലിശ രഹിത വായ്പ നല്‍കുമെന്ന് അറിയിച്ച്
നോര്‍ക്ക റൂട്ട് അധികൃതര്‍ കണ്ണൂരിലേക്ക് വിളിച്ചുവരുത്തിയ നിതാഖത്ത് പ്രവാസികള്‍ വഞ്ചിതരായി.
10.75 ശതമാനം പലിശയും കൂടാതെ വീടിന്റെ ആധാരവും സ്വര്‍ണവും മറ്റും വായ്പയ്ക്കായി ഈടായി നല്‍കണമെന്നും അറിയിച്ചതോടെ വായ്പ വാങ്ങാനെത്തിയ 400 ഓളം നിതാഖത്ത് പ്രവാസികളാണ് വെള്ളിയാഴ്ച വായ്പ വിതരണം ചെയ്യുന്ന കണ്ണൂര്‍ സയന്‍സ് പാര്‍ക്ക് ഹാളില്‍ ബഹളം വെച്ചു.
സൗദിയില്‍ നിതാഖത്ത് നിയമം നടപ്പിലാക്കിയപ്പോള്‍ തിരിച്ചെത്തുന്നവര്‍ക്ക് ചെറുകിട വ്യവസായവും ബിസിനസും ചെയ്യാന്‍ പലിശരഹിത വായ്പ നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത്. പിന്നീട് പലിശ രഹിത വായ്പയല്ല മൂന്ന് ശതമാനം പലിശയ്ക്ക് വായ്പ നല്‍കുമെന്നായിരുന്നു സര്‍ക്കാറിന്റെ അറിയിപ്പ് ഉണ്ടായത്.
ഇതുപ്രകാരം നോര്‍ക്ക റൂട്ടില്‍ രജിസ്റ്റര്‍ ചെയ്തവരെ കണ്ണൂരിലേക്ക് അഭിമുഖത്തിനായി ക്ഷണിച്ചപ്പോഴാണ് ബാങ്കുകാര്‍പോലും ഈടാക്കാത്ത കൊള്ളപ്പലിശയും ഈടും നോര്‍ക്ക അധികൃതര്‍ ആവശ്യപ്പെട്ടത്. ഇതോടെയാണ് മുന്‍ പ്രവാസികള്‍ ഒന്നടങ്കം ഹാളില്‍ ബഹളം വെച്ചത്. പലരും വായ്പ ആവശ്യമില്ലെന്ന് പറഞ്ഞ് വീടുകളിലേക്ക് മടങ്ങി. ഇനി ആരും നോര്‍ക്കാ റൂട്ടിലേക്ക് വായ്പ വാങ്ങാനായി ചെന്ന് വഞ്ചിതരാകേണ്ടെന്നാണ് പ്രതിഷേധം ഉയര്‍ത്തിയവര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
കാസര്‍കോട് ജില്ലയില്‍ നിന്നും നൂറിലധികം പേരാണ് കണ്ണൂരിലേക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പവാങ്ങാനായി നോര്‍ക്ക അധികൃതരുടെ മുന്നിലെത്തിയത്.
Keywords: Ooommen Chandy, Chief Minister, Gulf, Nitaqat, Kasaragod, Kannur, Kerala, Nitaqat - Gulf returnees cheated.