Controversy | പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്: പി. ശശിക്കെതിരെ പരോക്ഷ വിമര്‍ശനം
കണ്ണൂര്‍: (KasargodVartha) നിലമ്പൂര്‍ എം.എല്‍.എ പി വി അന്‍വറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും എ.ഡി.ജി.പി.എം.ആര്‍ അജിത്ത് കുമാറിനെയും പരോക്ഷമായി വിമര്‍ശിച്ചാണ് മന്ത്രിയുടെ പ്രതികരണം.
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും പുഴുക്കുത്തുകളെ സര്‍ക്കാര്‍ സംവിധാനത്തില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ല. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കേരള പൊലീസിനെ കുറിച്ചും മന്ത്രി പ്രതികരിച്ചു. 2016ന് മുന്‍പ് വര്‍ഗീയ കലാപങ്ങള്‍ക്ക് കക്ഷി ചേരുന്നവരായിരുന്നു കേരളത്തിലെ പൊലീസ് എന്നാല്‍ എല്‍ഡിഎഫ് വന്നശേഷം ജനകീയ പൊലീസിങ് സംവിധാനം നിലവില്‍ വന്നുവെന്നും പൊതു അംഗീകാരം പൊലീസിന് ലഭിച്ചുവെന്നും റിയാസ് പറഞ്ഞു.
കേരള പൊലീസ് സംവിധാനം ആകെ മോശമാണെന്ന് പറയാനാകില്ലെന്നും എല്‍ഡിഎഫ് വരുംമുന്‍പ് കേരളത്തിലെ പൊലീസിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയാമെന്നും പല പ്രവൃത്തികളിലും ഇടനിലക്കാരായി പൊലീസ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി. തെറ്റിനെ ശരിയായ അര്‍ഥത്തില്‍ വിലയിരുത്തി നല്ല നിലയിലുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
പി വി അന്‍വര്‍ ഉന്നയിച്ച പരാതിയെല്ലാം സിപിഐഎം പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രനും നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്ന വ്യാഖ്യാനങളും ഉയരുന്നുണ്ട്. പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സി.പി.എമ്മില്‍ വ്യാപകമായ സ്വീകാര്യതയാണ് ലഭിക്കുന്നത്.
#MinisterRiyas #KeralaPolitics #ADGPAllegations #KeralaPolice #LDF #PoliticalResponse