കരിവെള്ളൂരില്‍ രണ്ട് ജ്വല്ലറികളില്‍ വന്‍ കവര്‍ച്ച
Dec 24, 2011, 12:21 IST
പയ്യന്നൂര്‍: കരിവെള്ളൂരില്‍ രണ്ട് ജ്വല്ലറികളില്‍ വന്‍ കവര്‍ച്ച. പത്തുലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയാഭരണങ്ങളും രണ്ടുലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ച്ച ചെയ്തത്. കരിവെള്ളൂര്‍ ബസാറിനടുത്ത് സര്‍വീസ് സഹകരണ ബാങ്കിനു സമീപം പ്രവര്‍ത്തിക്കുന്ന സി.കെ.വി. ജ്വല്ലറി വര്‍ക്ക്‌സുകളിലാണ് കവര്‍ച്ച നടന്നത്. രണ്ട് ജ്വല്ലറികളും നടത്തുന്നത് ബന്ധുക്കളാണ്. ഒരു ജ്വല്ലറി വര്‍ക്ക്‌സിന്റെ ഉടമ കരിവെള്ളൂര്‍ തെക്കെ മണക്കാട്ടെ സി.കെ.വി. ഗംഗാധരനും മറ്റേ ജ്വല്ലറി വര്‍ക്ക്‌സ് നടത്തുന്നത് ബന്ധുവായ സി.കെ.വി. ബാബുവുമാണ്.
ഗംഗാധരന്റെ ജ്വല്ലറി വര്‍ക്ക്‌സില്‍ നിന്നും ആറുലക്ഷത്തിലേറെ രൂപ വിലയുള്ള 22 കിലോഗ്രാം വെള്ളിയും അഞ്ചരപവന്‍ സ്വര്‍ണാഭരണങ്ങളുമാണ് കൊള്ളയടിച്ചത്. ബാബുവിന്റെ ജ്വല്ലറി വര്‍ക്ക്‌സില്‍ നിന്ന് മൂന്നരലക്ഷത്തോളം വിലവരുന്ന ആറുകിലോഗ്രാം വെള്ളിയാഭരണങ്ങളും മൂന്നു പവനോളം സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ച്ച ചെയ്തത്.
ജ്വല്ലറികളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വെള്ളിയാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും ജ്വല്ലറിയിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അലമാര കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. ജ്വല്ലറികളില്‍ ലോക്കറുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആഭരണങ്ങള്‍ അതില്‍ സൂക്ഷിച്ചിരുന്നില്ല. ഇത് കവര്‍ച്ചക്കാര്‍ക്ക് കവര്‍ച്ച നടത്താന്‍ എളുപ്പമായി. ജ്വല്ലറികളുടെ ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. കവര്‍ച്ച നടന്ന സ്ഥലത്ത് നിന്നും ഒരു കമ്പിപ്പാര കണ്ടെടുത്തിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചയോടെയാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. ജ്വല്ലറിയുടെ സമീപത്തായുള്ള ചിക്കന്‍ സെന്റര്‍ ഉടമ കടതുറക്കാന്‍ വന്നപ്പോഴാണ് ജ്വല്ലറികളുടെ പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ഉടന്‍ പയ്യന്നൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ സി.ഐ.യുടെ ചുമതലയുള്ള ആലക്കോട് സി.ഐ കെ. ദാമോദരന്‍, പയ്യന്നൂര്‍ എസ്.ഐ എ.വി. ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പോലീസ് നായയും വിരലടയാള വിദഗ്ധരും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
Keywords: Jewellery, Robbery, Karivellur, payyannur, Kannur