'ക്രിപ്‌റ്റോകറൻസിയുടെ മറവിൽ 100 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ്'; കാസർകോട് സ്വദേശിയടക്കം 4 പേർ അറസ്റ്റിൽ; ഇരയായവരിൽ കൂടുതലും വടക്കൻ ജില്ലക്കാർ
Nov 8, 2021, 22:12 IST
കണ്ണൂർ: (www.kasargodvartha.com 08.11.2021) ക്രിപ്‌റ്റോകറൻസിയുടെ മറവിൽ 100 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന കേസിൽ കാസർകോട് സ്വദേശി അടക്കം നാല് പേർ കണ്ണൂരിൽ അറസ്റ്റിൽ. കാസർകോട്ടെ പി എം മുഹമ്മദ് റിയാസ് (31), മലപ്പുറത്തെ സി ശഫീഖ് (30), മുഹമ്മദ് ശഫീഖ് (28), കോഴിക്കോട്ടെ വസീം മുനവർ അലി (35) എന്നിവരാണ് അറസ്റ്റിലായത്. ബെംഗ്ളുറു ആസ്ഥാനമായ 'ലോംഗ് റീച് ടെക്‌നോളജീസ്' എന്ന കമ്പനി മുഖേന ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്ന് ഓൺലൈനായി കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായാണ് പൊലീസ് കണ്ടെത്തൽ.
മുഹമ്മദ് റിയാസിന്റെ ബാങ്ക് അകൗണ്ടിലേക്ക് 40 കോടി രൂപയും സി ശഫീഖിന്റെ ബാങ്ക് അകൗണ്ടിൽ 32 കോടി രൂപയും വസീം മുനവർ അലിയുടെയും മുഹമ്മദ് ശഫീഖിന്റെയും ബാങ്ക് അകൗണ്ടുകളിലേക്ക് ഏഴ് കോടി രൂപ വീതവും നിക്ഷേപിച്ചതായി കണ്ടെത്തിയതായി എസിപി, പി പി സദാനന്ദൻ പറഞ്ഞു. ഇവരുടെയെല്ലാം ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കാൻ പൊലീസ് നടപടി തുടങ്ങിയതായും എ സി പി അറിയിച്ചു.
കേരളത്തിലെ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പെന്നും ഇവർ നിരവധി പേരെ പറ്റിച്ചിട്ടുണ്ടെന്നും ഈ കണക്കുകൾ കൂടി വരുമ്പോൾ പണം നഷ്ടമായതിന്റെ കണക്ക് ഇനിയും വർധിക്കുമെന്നും പൊലീസ് പറഞ്ഞു. 'ഇപ്പോൾ നാല് പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. അന്വേഷണം പുരോഗമിക്കുകയാണ്, ഈ തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ എല്ലാവരെയും പൊലീസ് പിടികൂടും' - സദാനന്ദൻ കൂട്ടിച്ചേർത്തു.
പ്രതിദിനം രണ്ട് മുതൽ അഞ്ച് ശതമാനം വരെ പലിശ ലഭിക്കുമെന്ന് നിക്ഷേപകരെ സംഘം വിശ്വസിപ്പിച്ചിരുന്നതായും നിക്ഷേപകരെ ആകർഷിക്കുന്നതിനായി ഓൺലൈനായി വിവിധ പദ്ധതികളുടെ പരസ്യം നൽകിയതായും പൊലീസ് കണ്ടെത്തി. നിക്ഷേപിച്ച പണമോ പലിശയോ ലഭിക്കാത്തതിനാൽ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായതോടെയാണ് ചിലർ പരാതിയുമായി രംഗത്ത് വന്നത്. തട്ടിപ്പ് സംബന്ധിച്ച് നിക്ഷേപകരിൽ ഒരാളായ മുഹമ്മദ് ദിൽശാദിന്റെ പരാതിയിൽ കണ്ണൂർ പൊലീസ് നാലുമാസം മുമ്പ് അന്വേഷണം ആരംഭിച്ചിരുന്നു.
Keywords: Kerala, Kannur, News, Police, Arrest, Fraud, Case, Bank, Top-Headlines, Investigation, Investment fraud under the cover of cryptocurrency; 4 arrested.