Gold seized | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്വര്‍ണക്കടത്തുകാരുടെ ഹബായി മാറുന്നതായി ആക്ഷേപം; 3 ദിവസത്തിനിടെ 5 പേരിൽ നിന്നായി പിടികൂടിയത് കോടികളുടെ സ്വർണം
മട്ടന്നൂര്‍: (www.kasargodvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്വര്‍ണക്കടത്തുകാരുടെ ഹബായി മാറുന്നതായി പരാതി. വിദേശത്ത് നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണം പിടികൂടിയതോടെ ആക്ഷേപം ശക്തമായി. കോഴിക്കോട് സ്വദേശി ശംസീറില് നിന്നാണ് അരക്കോടിയോളം രൂപയുടെ സ്വര്‍ണം കഴിഞ്ഞ ദിവസം കണ്ടെടുത്തത്. മൂന്ന് ദിവസത്തിനുളളില്‍ അഞ്ചുപേരില്‍ നിന്നായി രണ്ടര കോടിയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി കുവൈറ്റില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് ഏറ്റവുമൊടുവിൽ കസ്റ്റംസ് സ്വർണം പിടികൂടിയത്.
കസ്റ്റംസിന്റെ ചെക് ഇന്‍ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മൂന്ന് ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ചാണ് കടത്തിക്കൊണ്ടുവന്നത്. പേസ്റ്റ് രൂപത്തിലുളള 847-ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോള്‍ 795 ഗ്രാമാണ് സ്വര്‍ണം ലഭിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 45,15,600 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ അബുദബിയില്നിന്ന് ഗോ എയര്‍ വിമാനത്തില്‍ എത്തിയ കാസർകോട് സ്വദേശി ശുഐബ് റഹ്മാനില്‍നിന്ന് 550 ഗ്രാം സ്വര്‍ണാഭരണങ്ങളും ദുബൈയില്‍നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി അര്‍ശാദില്‍ നിന്ന് 1632 ഗ്രാം സ്വര്‍ണവുമാണ് കണ്ടെടുത്തത്. കസ്റ്റംസ് കണ്ണൂര്‍ പ്രിവന്റീവ് വിഭാഗവും വിമാനത്താവളത്തിലെ കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.